യുവേഫ ചാമ്പ്യന്‍സ് ലീഗ് : പ്രമുഖ ടീമുകള്‍ ഇന്ന് പോരിനിറങ്ങും

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തില്‍ പ്രമുഖ ടീമുകള്‍ ഇന്ന് പോരിനിറങ്ങും. റയല്‍, യുവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി, യുണൈറ്റഡ്, ബയേണ്‍, പി എസ് ജി ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. റയല്‍ മാഡ്രിഡ് പരുക്കേറ്റ പ്രമുഖ താരങ്ങള്‍ ഇല്ലാതെയാണ് സി എസ് കെ എ മോസ്‌കോയെ നേരിടുന്നത്. ഗാരെത് ബെയ്ല്‍, ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, ഇസ്‌കോ, മാര്‍സലോ എന്നിവര്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ നിരയിലുണ്ടാവില്ല.

സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരത്തിനിടെ ബെയ്‌ലിന് പരുക്കേറ്റിരുന്നു. പരുക്ക്
ഗുരുതരമാകാതിരിക്കുന്നതിനാണ് വിശ്രമം നല്‍കുന്നതെന്ന് കോച്ച് യൂലന്‍ ലോപെട്ടോഗി പറഞ്ഞു. സീസണില്‍ താളം കണ്ടെത്താതെ തപ്പിത്തടയുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്പാനിഷ് ക്ലബ് വലന്‍സിയയാണ് എതിരാളി. കോച്ച് മൗറീഞ്ഞോയുമായി ഇടഞ്ഞ് നില്‍ക്കുകയാണെങ്കിലും പോഗ്ബ ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കും.

പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഹോഫെനിമുമായി ഏറ്റുമുട്ടും. കെവിന്‍ ഡിബ്രൂയിന്‍ പരുക്ക് മാറി പരിശീലനം പുനരാരംഭിച്ചെങ്കിലും കളിക്കില്ല. യംഗ് ബോയ്‌സിനെ നേരിടുന്ന യുവന്റസിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. വലന്‍സിയക്കെതിരായ ആദ്യ കളിയില്‍ ചുവപ്പ്കാര്‍ഡ് കണ്ട റോണോ വിലക്കിലാണ്. അയാക്‌സിനെ നേരിടുന്ന ബയേണ്‍ മ്യൂണിക്ക് നിരയില്‍ റഫീഞ്ഞ, കോമാന്‍,ടോളിസോ എന്നിവരുണ്ടാവില്ല.

ഫ്രഞ്ച് ലീഗില്‍ തോല്‍വി അറിയാതെ മുന്നേറുന്ന നെയ്മറുടെ പി എസ് ജിക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡാണ് എതിരാളി. എ എസ് റോമ, ലിയോണ്‍, ബെന്‍ഫിക്ക തുടങ്ങിയ ടീമുകള്‍ക്കും ഇന്ന് കളിയുണ്ട്.

Top