യുവേഫ ചാമ്പ്യന്‍സ് ലീഗ് ;മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി മാഞ്ചസ്റ്റര്‍ സിറ്റി. പിഎസ്ജിയെ ഇരുപാദങ്ങളിലായി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സിറ്റിയുടെ മുന്നേറ്റം. രണ്ടാം പാദത്തില്‍ റിയാദ് മഹ്‌റേസിന്റെ ഇരട്ട ഗോള്‍ നേട്ടത്തിലാണ് സിറ്റി പിഎസ്ജിയെ മറികടന്നത്.

സിറ്റിയുടെ മൈതാനത്ത് നടന്ന രണ്ടാംപാദ സെമിഫൈനലില്‍ പിഎസ്ജിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇംഗ്ലീഷ് വമ്പന്‍മാരുടെ മുന്നേറ്റം. ഇരുപാദങ്ങളിലായി ഒന്നിനെതിരെ നാലു ഗോളുകളുടെ ആധികാരിക ജയം.

ഒരു ഗോള്‍ കടവുമായി സിറ്റിയുടെ മൈതാനത്തെത്തിയ നെയ്മറിനും സംഘത്തിനും കാര്യമായൊന്നും ചെയ്യാനായില്ല. മത്സരം തുടങ്ങിയത് മുതല്‍ ആക്രമിച്ച് കളിച്ച സിറ്റി റിയാദ് മെഹ്‌റേസിലൂടെ പതിനൊന്നാം മിനുട്ടില്‍ തന്നെ ലക്ഷ്യം കണ്ടു. അറുപത്തിമൂന്നാം മിനുട്ടില്‍ രണ്ടാം ഗോളിലൂടെ മഹ്‌റേസ് സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

പരിക്കേറ്റ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്. നെയ്മര്‍-എംബാപ്പെ കൂട്ടുകെട്ടില്ലാത്തതും സിറ്റിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. തുടര്‍ച്ചയായ രണ്ടാം ഫൈനലെന്ന പിഎസ്ജിയുടെ സ്വപ്നം കൂടെയാണ് പൊലിഞ്ഞത്.

പാരീസില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. എവേ ഗോളിന്റെ മുന്‍തൂക്കവും ഹോം ഗ്രൗണ്ട് ആനുകൂല്യവും സിറ്റിക്ക് തുണയായി. അതേസമയം സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് പിഎസ്ജിക്ക് തിരിച്ചടിയായി

 

Top