ബെല്‍ജിയം ക്ലബ്ബ് ഗെങ്കിനെ തകര്‍ത്ത് നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍

ബ്രസല്‍സ്: ബെല്‍ജിയം ക്ലബ്ബ് ഗെങ്കിനെ തകര്‍ത്ത് നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഇ-യിലെ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ ജയം.

ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ മാത്രം ലീഡുണ്ടായിരുന്ന ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ സ്വന്തമാക്കി.

ഇരട്ട ഗോളുകള്‍ നേടിയ അലക്സ് ഓക്സലൈഡ് ചേമ്പര്‍ലെയിന്‍ ലിവര്‍പൂളിനായി തിളങ്ങി. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ ചേമ്പര്‍ലെയിന്‍ ഇംഗ്ലീഷ് നിരയെ മുന്നിലെത്തിച്ചു. 57-ാം മിനിറ്റില്‍ ചേമ്പര്‍ലെയിന്‍ തന്നെ ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി.

പിന്നാലെ 77-ാം മിനിറ്റില്‍ സാദിയോ മാനെ ലിവര്‍പൂളിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. പത്തു മിനിറ്റിന് ശേഷം മുഹമ്മദ് സലാ അവരുടെ ഗോള്‍ പട്ടിക തികച്ചു. 88-ാം മിനിറ്റില്‍ സ്റ്റീഫന്‍ ഒഡെയ് ഗെങ്കിന്റെ ആശ്വാസ ഗോള്‍ നേടി.

ജയത്തോടെ ഗ്രൂപ്പ് ഇയില്‍ ആറു പോയന്റോടെ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തെത്തി. ഏഴു പോയന്റുള്ള നാപ്പോളിയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

Top