യുവേഫ ചാമ്പ്യന്‍സ് ലീഗ്; പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരത്തില്‍ അത്ലറ്റികോ ഡി മാഡ്രിഡിനെ വീഴ്ത്തി ഇന്റര്‍ മിലാന്‍

മിലാന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരത്തില്‍ അത്ലറ്റികോ ഡി മാഡ്രിഡിനെ വീഴ്ത്തി ഇന്റര്‍ മിലാന്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റാലിയന്‍ ക്ലബിന്റെ വിജയം. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ മാര്‍ക്കോ അര്‍നോട്ടോവിച്ച് 79-ാം മിനിറ്റില്‍ ഇന്ററിനായി വിജയഗോള്‍ നേടി. അതിനിടെ ഇന്ററിനായി ഗോള്‍ നേടാനുള്ള ചില അവസരങ്ങള്‍ ലൗട്ടാരോ മാര്‍ട്ടിനെസ് നഷ്ടപ്പെടുത്തി.

നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണ ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയെ നേരിടും. നാപ്പോളിയുടെ തട്ടകത്തിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ് എഫ് സി പോര്‍ട്ടോ ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലിനെ നേരിടും. രണ്ട് മത്സരങ്ങളും നാളെ പുലര്‍ച്ചെ 1.30നാണ്.

മറ്റൊരു മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സ് ക്ലബ് പി എസ് വി ഐന്തോവന്‍ ജര്‍മ്മന്‍ ക്ലബ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനോട് സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഡോര്‍ട്ട്മുണ്ട് മുന്നിലെത്തി. 24-ാം മിനിറ്റില്‍ ഡോണെല്‍ മാലെന്‍ ജര്‍മ്മന്‍ ക്ലബിനായി ഗോള്‍ അടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ 56-ാം മിനിറ്റില്‍ ലുക്ക് ഡി ജോംഗിന്റെ ഗോളിലൂടെ പി എസ് വി സമനില പിടിക്കുകയായിരുന്നു.

Top