യുവേഫ ചാമ്പ്യന്‍സ് ലീഗ്; സിറ്റിയും പിഎസ്ജിയും ഇന്ന് ഏറ്റമുട്ടും

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ആദ്യ ഫൈനലിസിറ്റിനെ ഇന്നറിയാം. രണ്ടാം പാദ സെമിഫൈനലില്‍ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ കിരീടം സ്വപ്നം കാണുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും പി എസ് ജിയും ഇന്ന് ഏറ്റമുട്ടും. രാത്രി 12.30 നാണ് മത്സരം.

ഒരുഗോള്‍ കടവുമായാണ് നെയ്മറും സംഘവും ഇന്ന് സിറ്റിയുടെ മൈതാനത്ത് ഇറങ്ങുന്നത്. പാരീസില്‍ നടന്ന ആദ്യപാദ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ ജയം. മാര്‍ക്വീഞ്ഞോസിന്റെ ഗോളിന് പിന്നിലായെങ്കിലും കെവിന്‍ ഡിബ്രൂയിന്റെയും റിയാസ് മെഹറസിന്റെയും ഗോളുകളാണ് സിറ്റിക്ക് ജയവും എവേ ഗോളിന്റെ നിര്‍ണായക മുന്‍തൂക്കവും നല്‍കിയത്.

കിലിയന്‍ എംബാപ്പേ പരിക്ക് മാറി പരിശീലനം തുടങ്ങിയ ആശ്വാസത്തിലാണ് പിഎസ്ജി. നെയ്മര്‍ എംബാപ്പേ ജോഡി പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നാല്‍ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും പിഎസ്ജിക്ക് ഫൈനലുറപ്പിക്കാം. ആദ്യപാദത്തില്‍ നെയ്മറെയും എംബാപ്പേയെയും വരിഞ്ഞുമുറുക്കിയാണ് പെപ് ?ഗ്വാര്‍ഡിയോളയുടെ സിറ്റി ജയം സ്വന്തമാക്കിയത്.

ഇതേ തന്ത്രമായിരിക്കും ഹോംഗ്രൗണ്ടിലും സിറ്റി പുറത്തെടുക്കുക. ഒന്നോരണ്ടോ താരങ്ങളെ ആശ്രയിക്കാതെയാണ് സിറ്റിയുടെ മുന്നേറ്റം. ഡിബ്രൂയിനും മെഹറസും ഗുണ്‍ഡോഗനും സില്‍വയും ഫോഡനുമെല്ലാം ഏത് നിമിഷവും കളിമാറ്റിമറിക്കാന്‍ ശേഷിയുള്ളവര്‍.

ഇരുടീമും ഇതിന് മുന്‍പ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പി എസ് ജി ഒറ്റക്കളിയിലും ജയിക്കാനായിട്ടില്ല. സിറ്റി രണ്ടുകളിയില്‍ ജയിച്ചപ്പോള്‍, രണ്ടുമത്സരം സമനിലയില്‍ അവസാനിച്ചു

 

Top