ഉഡുപ്പി ശിരൂര്‍ മഠാചാര്യന്‍ ലക്ഷ്മീവര തീര്‍ത്ഥ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ബെംഗളൂരു : ഉഡുപ്പി ശിരൂര്‍ മഠാചാര്യന്‍ ലക്ഷ്മീവര തീര്‍ത്ഥ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഭക്ഷ്യ വിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നതായി മഠം അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. എന്നാല്‍ മരണത്തില്‍ ദുരൂഹൂതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

തന്റെ ജീവന് ഭീഷണിയുള്ളതായി ലക്ഷ്മീവര തീര്‍ത്ഥ പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. തന്റെ സഹ സന്യാസിമാരായ ആറു പേര്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് രണ്ടു ദിവസം മുന്‍പ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായും അഭിഭാഷകന്‍ വെളിപ്പെടുത്തി. മരണം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉഡുപ്പിയിലെ മഠങ്ങളിലൊന്നായ ശിരൂര്‍ മഠാചാര്യനായ ലക്ഷ്മീവര തീര്‍ത്ഥ, ദ്വൈതവാദിയായ മധ്വാചാര്യന്റെ ശിഷ്യപരമ്പരയില്‍പ്പെട്ട ആളാണ്. ബിജെപി സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍നിന്ന് അദ്ദേഹം പിന്‍മാറി.

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ബുധനാഴ്ച രാത്രി ഉഡുപ്പിയിലെ കെഎംസി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വൈകാതെ മരണം സംഭവിക്കുകയായിരുന്നു. സ്വാമിയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ജി. പരമേശ്വര പറഞ്ഞു.

Top