ഉദുമ പീഡനം: മുൻകൂർ ജാമ്യ അപേക്ഷ തള്ളി, സംഭവം അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് സുപ്രീം കോടതി

ദില്ലി: ഉദുമ പീഡനക്കേസിൽ എട്ട് പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷ സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. സംഭവം അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതോടൊപ്പം പ്രതികൾ അന്വേഷണത്തോട് സഹകരിക്കാതെ ഒളിവിലാണെന്ന സംസ്ഥാനത്തിൻറെ വാദവും കോടതി അംഗീകരിച്ചു.

രാത്രിയിൽ വീട്ടിലെത്തി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നതാണ് കേസിന് ആസ്പദമായ സംഭവം. എട്ടുമാസം പ്രായമായ കുഞ്ഞിനൊപ്പം ഭർതൃവീട്ടിൽ താമസിക്കുന്ന യുവതിയെ 2016-ൽ 21 പ്രതികൾ രാത്രിയിൽ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവ് ഖത്തറിലായിരുന്നു. യുവതിയുടെ പരാതിയിൽ 2020 ഓഗസ്റ്റ് 31-ന് ബേക്കൽ പൊലീസാണ് ആദ്യം കേസെടുത്തത് അന്വേഷണം നടത്തിയത്. എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് യുവതി ഹൈക്കോടതിയിൽ നൽകിയ ഹർജി നൽകി. ഇതിനെ തുടർന്ന് കണ്ണൂർ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുകയായിരുന്നു.

പെൺകുട്ടി പീഡനത്തിനിരയായ ദിവസങ്ങളിൽ പ്രതികൾ വിദേശത്തായിരുന്നവെന്നാണ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച കേസ് ഡയറിയിൽ രേഖപ്പെടുത്തിയിരുന്നതെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്തും അഭിഭാഷകൻ മുകുന്ദ് പി. ഉണ്ണിയും വാദിച്ചു. എന്നാൽ, തീയതികൾ പീഡനത്തിനിരയായ പെൺകുട്ടി രഹസ്യ മൊഴിയിൽ പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദേശത്ത് ഇരുന്ന് പ്രതികൾ ഇരയെ ബ്ലാക്മെയിൽ ചെയ്തത് ഗൗരവ്വമേറിയ സംഭവമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. കേസ് ഞെട്ടിപ്പിക്കുന്നതാണെന്നും അതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻറിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ കോടതിയിൽ വാദിച്ചു.

Top