ഉദുമ എംഎല്‍എയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപത്തിലാണ് മുഖ്യമന്ത്രി എംഎല്‍എയെ പിന്തുണച്ചിരിക്കുന്നത്. കെ കുഞ്ഞിരാമന്‍ വ്യക്തിപരമായി ആരെയും ആക്ഷേപിക്കാറില്ല എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അദ്ദേഹം വോട്ട് ചെയ്യാനാണ് പോയത്, സര്‍ എന്നാണ് പ്രിസൈഡിംഗ് ഓഫീസറെ വിളിച്ചത്. ഉദ്യോഗസ്ഥനാണ് ബഹളമുണ്ടാക്കിയത്. കള്ളവോട്ട് ആരോപണത്തിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമാണുള്ളതെന്നും പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയുടെ മറുപടി ഏകപക്ഷീയമാണെന്ന് കെ സി ജോസഫ് എംഎല്‍എ പ്രതികരിച്ചു. ഇടതുസംഘടന നേതാവാണ് ആക്ഷേപമുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പലര്‍ക്കും രാഷ്ട്രീയമുണ്ടാകും, അങ്ങനെ പ്രത്യേകമായി ഒന്നും ചാര്‍ത്തിക്കൊടുക്കേണ്ട കാര്യമില്ലെന്നായിരുന്നു കെസി ജോസഫിന്റെ പ്രസ്ഥാവനയോട് മുഖ്യമന്ത്രിയുടെ പ്രതികരണം.

‘സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ക്യൂവില്‍ നിന്നവരുടെ തിരിച്ചറിയല്‍ രേഖ പ്രിസൈഡിംഗ് ഓഫീസര്‍ പരിശോധിച്ചു. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടറെ പരാതി അറിയിച്ചു. കളക്ടര്‍ പ്രിസൈഡിംങ്ങ് ഓഫീസറെ ബന്ധപ്പെട്ടു. ഫലം വന്ന ശേഷം ഫേസ്ബുക്കിലൂടെ വിഷയം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയം പരിഗണിച്ച് വരികയാണ്. പൊലിസിന് പരാതി ഒന്നും ലഭിച്ചിട്ടില്ല. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ വ്യാപക കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കെ സി ജോസഫ് പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തെക്കുറിച്ച് ആകെ ലഭിച്ച പരാതികള്‍ 113 ആണ് എന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് നല്‍കിയ 38 കേസും എല്‍ ഡി എഫ് നല്‍കിയ നല്‍കിയ 37 കേസുമുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Top