യുഡിഎഫിന്റെ നയം നരേന്ദ്രമോദി പിണറായി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നത് കെ മുരളീധരന്‍

തിരുവനന്തപുരം: സിപിഐഎമ്മിനും ബിജെപിക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍. കേരളത്തില്‍ കോണ്‍ഗ്രസിനെ പരമാവധി തോല്‍പ്പിക്കുക എന്നുള്ളതാണ് സിപിഐഎം നയമെന്ന് കെ മുരളീധരന്‍. അതുതന്നെയാണ് ബിജെപിയുടെയും നയം. ഈ കൂട്ടുകെട്ടിന്റെ ഭാഗമാണ് ജെഡിഎസിനെ നിലനിര്‍ത്താനുള്ള തീരുമാനം.

ബിജെപിയുമായി ധാരണയുള്ള ജെഡിഎസ് ആണ് ഇന്ന് കേരളത്തില്‍ എല്‍ഡിഎഫിന്റെ ഘടകകക്ഷിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം പറയുന്നത് ജെഡിഎസ് മുന്നണിയില്‍ തുടരും എന്നാണ്. കേരളത്തില്‍ സിപിഐഎമ്മിന്റെ കൂടെ, കര്‍ണാടകത്തില്‍ ബിജെപിയുടെ കൂടെ ആണ് ജെഡിഎസ്. സിപിഐഎം ബിജെപിയുമായി വ്യക്തമായ ധാരണയില്‍ എത്തിക്കഴിഞ്ഞു. നരേന്ദ്രമോദി പിണറായി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നുള്ളതാകും അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയായിരുന്നു ജെ.ഡി.എസിന്റെ എന്‍.ഡി.എ പ്രവേശനമെന്ന ജെ.ഡി.എസ് അധ്യക്ഷന്‍ ദേവഗൗഡ പറഞ്ഞത് വിവാദമായിരുന്നു. കേരളത്തില്‍ ജെ.ഡി.എസ് ഭരണപക്ഷമായ ഇടതുമുന്നണിക്കൊപ്പമാണെന്നും തങ്ങളുടെ എം.എല്‍.എയായ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും എന്‍.ഡി.എ പ്രവേശനത്തെ പിന്തുണച്ചുവെന്നുമാണ് ദേവഗൗഡ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. പിന്നാലെ പ്രസ്താവന തിരുത്തി ദേവഗൗഡ രംഗത്തെത്തി.

Top