യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍. കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ബിജെപിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത കോണ്‍ഗ്രസ് നിലപാടാണ് ഇത് സൂചിപ്പിക്കുന്നത്. പത്മജയെ ബിജെപിയിലേക്ക് എത്തിച്ചതിന് പിന്നില്‍ മുന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമാണിമാരുമാണ്. തെരഞ്ഞെടുപ്പിനെ എല്ലാ ഗൗരവത്തോടെയും കൂടെ കാണുന്നുവെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

എറണാകുളം യുഡിഎഫിന്റെ ശക്തികേന്ദ്രമാണെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി. അമിതമായ ഒരു അവകാശവാദങ്ങളും ഉന്നയിക്കാതെയാണ് മത്സരത്തിനു ഇറങ്ങുന്നതെന്നും ആരെങ്കിലും പാര്‍ട്ടി വിട്ടു പോയത് പ്രശ്‌നമല്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു. കോണ്‍ഗ്രസ് ആണ് ബിജെപിക്ക് എതിരെ നില്‍ക്കുന്നത് എന്ന കൃത്യമായ സന്ദേശമാണ് സ്ഥാനാര്‍ഥി പട്ടികയെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

വളരെ സന്തോഷം എന്നായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ ശശി തരൂരിന്റെ പ്രതികരണം. കഴിവുള്ള എതിരാളികളാണെന്നും എളുപ്പമായി കാണുന്നില്ലെന്നും പറഞ്ഞ തരൂര്‍ 15 വര്‍ഷത്തെ വികസനമാണ് തന്റെ ശക്തിയെന്നും വ്യക്തമാക്കി. ഞായറാഴ്ച്ച മുതല്‍ പ്രചാരണം തുടങ്ങും. താന്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി പ്രചരണം നടത്തുമെന്നാണ് തരൂരിന്റെ പ്രഖ്യാപനം.

Top