പിണറായി സർക്കാറിന് ഷോക്ക് ട്രീറ്റ്മെന്റ് നൽകാൻ പ്രതിപക്ഷം, തിരിച്ചടിച്ചാൽ ?

കോ-ലീ-ബി സഖ്യം സജീവ ചര്‍ച്ചയാക്കി നേട്ടം കൊയ്യാനുള്ള സി.പി.എം നീക്കത്തില്‍ യു.ഡി.എഫില്‍ അശങ്ക. ഒരിക്കല്‍ ബേപ്പൂരില്‍ പരസ്യമായും മറ്റ് പല തവണ രഹസ്യമായും പരീക്ഷിച്ച ഈ സഖ്യ സാധ്യത ഇനിയൊരിക്കലും ഉണ്ടാകില്ലെന്നാണ് യു.ഡി.എഫിന്റെ വാദം.

എന്നാല്‍ കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഭരണം കൊണ്ട് പൊറുതി മുട്ടിയ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ തിരഞ്ഞെടുപ്പ്, കേരളത്തില്‍ സി.പി.എമ്മിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആയിരിക്കണമെന്ന നിലപാടിലാണ്. ബി.ജെ.പിക്ക് വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സംഘ പരിവാര്‍ കേഡര്‍ വോട്ടുകള്‍ മറിച്ച് കൊടുക്കുമെന്ന കണക്കു കൂട്ടലില്‍ തന്നെയാണ് സി.പി.എമ്മും മുന്നോട്ട് പോകുന്നത്.

ബി.ജെ.പി അഭിമാന പോരാട്ടമായി കാണുന്ന തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ്സ് വോട്ട് മറിച്ച് നല്‍കാന്‍ സാധ്യത ഉണ്ടെന്ന അഭ്യൂഹങ്ങളും ഇതിനകം തന്നെ ശക്തമായി കഴിഞ്ഞു. തലസ്ഥാനത്തെ ഒരു മുന്‍ മന്ത്രിയും എന്‍.എസ്.എസിന്റെ ഉന്നതനും ഇതു സംബന്ധമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇനിയും തലസ്ഥാനത്ത് നിന്നും മന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ഈ നേതാവിന് എന്‍.എസ്.എസിന്റെയും ആര്‍.എസ്.എസിന്റെയും സഹായം നിലനില്‍പ്പിന് അനിവാര്യമാണ്.

അതേസമയം തിരുവനന്തപുരം സീറ്റില്‍ വിജയിച്ചാല്‍ കേരളം പിടിച്ച എഫക്ട് ദേശീയ തലത്തില്‍ തന്നെ ഉണ്ടാകുമെന്നാണ് ബി.ജെ.പി കരുതുന്നത്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ഇടതുപക്ഷത്തിന് വലിയ പ്രഹരമാകുമെന്നും ബി.ജെ.പി കണക്ക് കൂട്ടുന്നു.ബി.ജെ.പിക്ക് പുറമെ കോണ്‍ഗ്രസ്സും പ്രധാന പ്രചരണ വിഷയമാക്കാന്‍ തീരുമാനിച്ചിരിക്കുന്നതും ശബരിമല വിഷയം തന്നെയാണ്.

തിരുവനന്തപുരത്തിന് പുറമെ ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളിലാണ് ബി.ജെ.പി ശക്തി പ്രകടിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഈ അഞ്ച് മണ്ഡലങ്ങളൊഴികെയുള്ള ബാക്കി 15 മണ്ഡലങ്ങളിലും ഇടതു സ്ഥാനാര്‍ത്ഥികളുടെ തോല്‍വി ഉറപ്പാക്കിയിരിക്കുവാന്‍ എന്ത് നിലപാടും സ്വീകരിക്കുമെന്നാണ് സംഘപരിവാര്‍ നേതൃത്വം വ്യക്തമാക്കുന്നത്.

എന്നാല്‍ ആര്‍.എസ്.എസുമായി ധാരണയുണ്ടെന്ന ഒരു ചെറിയ വാര്‍ത്ത പോലും പ്രചരിച്ചാല്‍ അത് 20 മണ്ഡലങ്ങളിലും തിരിച്ചടിക്ക് കാരണമാകുമെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഇപ്പോള്‍ തന്നെ അഡ്വാന്‍സായി പ്രതിരോധം തീര്‍ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

ആര്‍.എസ്.എസുമായി സി.പി.എമ്മിന് അവിശുദ്ധ ബന്ധമുണ്ടെന്ന കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം തന്നെ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് ലോക്‌നാഥ് ബെഹറയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവരോധിച്ചത് പ്രധാനമന്ത്രി മോദി പറഞ്ഞിട്ടാണ് എന്ന് അടുത്തയിടെ ആരോപിച്ചതും മുല്ലപ്പള്ളിയാണ്. സ്വന്തം പാര്‍ട്ടിയും മുന്നണിയും പോലും മുല്ലപ്പള്ളിയുടെ ഈ ആരോപണം മുഖവിലക്കെടുത്തിരുന്നില്ല എന്നതും നാം ഓര്‍ക്കണം.

മോദിയും അമിത് ഷായും പ്രതിസ്ഥാനത്ത് വന്ന 2004 ലെ ഇസ്രത്ത് ജഹാന്‍ എന്‍കൗണ്ടര്‍ കേസില്‍ അന്വേഷണ ഉദ്യാഗസ്ഥനായിരുന്ന ബെഹറ സഹായിച്ചതിനുള്ള പ്രത്യുപകാരമായിരുന്നു ഈ പോസ്റ്റിങ്ങ് എന്നായിരുന്നു മുല്ലപ്പള്ളിയുടെ വാദം. ബെഹറ നല്‍കിയ റിപ്പോര്‍ട്ട് അന്ന് ആഭ്യന്തര മന്ത്രി ആയിരുന്ന താന്‍ കണ്ടിരുന്നതായും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.

അത്തരം ഒരു റിപ്പോര്‍ട്ട് ബെഹറനല്‍കിയെങ്കില്‍ അന്ന് അധികാരത്തില്‍ ഇരുന്ന മുല്ലപ്പള്ളിയും യു.പി.എ സര്‍ക്കാറും എന്തു കൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന ചോദ്യത്തിനു മുന്നിലും ഈ മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് ഉത്തരം മുട്ടിപ്പോയിരുന്നു.

ഈ അനുഭവത്തില്‍ നിന്നും പാഠം പഠിക്കാതെയാണ് ഇപ്പോള്‍ വീണ്ടും പുതിയ ആരോപണവുമായി മുല്ലപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്.

സി.പി.എമ്മും ഇടതുപക്ഷവും കോ -ലീ -ബി സഖ്യ ആക്ഷേപം പ്രചരണായുധമാക്കുമെന്നത് മുന്നില്‍ കണ്ടാണ് ഈ പ്രതിരോധ തന്ത്രം.

മുല്ലപ്പള്ളിയുടെ ആരോപണത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ മാസ് മറുപടിയും സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലായി കഴിഞ്ഞു.

236 സി.പി.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ആര്‍.എസ്.എസുകാരുമായി സി.പി.എം ബന്ധപ്പെടുന്നു എന്ന് പറഞ്ഞാല്‍ കൊച്ചു കുട്ടികള്‍ പോലും അക്കാര്യം വിശ്വസിക്കില്ലന്നാണ് കോടിയേരി തുറന്നടിച്ചത്.മുല്ലപ്പള്ളിയടക്കം ഒരു കോണ്‍ഗ്രസ്സ് നേതാവിനും ആര്‍.എസ്.എസുകാരുടെ അടി കൊണ്ടിട്ടില്ലന്നും കോടിയേരി ഓര്‍മിപ്പിക്കുന്നു.

ആര്‍.എസ്.എസ് ബന്ധം സംബന്ധിച്ച് കോണ്‍ഗ്രസ്സ്-സി.പി.എം നേതൃത്വങ്ങള്‍ ഇങ്ങനെ കൊമ്പ് കോര്‍ക്കുമ്പോഴും സംഘപരിവാര്‍ നേതൃത്വം നിശബ്ദത തുടരുകയാണ്.

കേരളത്തില്‍ നിന്നും ഇടതുപക്ഷം ജയിച്ചാലും വലതുപക്ഷം ജയിച്ചാലും കേന്ദ്രത്തില്‍ ബി.ജെ.പി വിരുദ്ധ നിലപാടാണ് സ്വീകരിക്കുക എന്ന കാര്യത്തില്‍ അവര്‍ക്ക് ഒരു സംശയവുമില്ല. അതു കൊണ്ട് തന്നെ ഇടതുപക്ഷ തകര്‍ച്ച ഉറപ്പാക്കുക എന്ന നയം സ്വീകരിക്കാനാണ് ആര്‍.എസ്.എസ് തീരുമാനം.

ചരിത്രത്തില്‍ ഇന്നുവരെ ഒരു സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത കൊടിയ പീഢനങ്ങളാണ് സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പിണറായി ഭരണത്തില്‍ നിന്നും നേരിടേണ്ടി വന്നതെന്നാണ് ആര്‍.എസ്.എസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ തിരിച്ചടി നേരിട്ടാല്‍ അത് ഇടതുപക്ഷ മുന്നണിയില്‍ പൊട്ടിത്തെറിയില്‍ കലാശിക്കുമെന്നും, ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പിന്നോട്ടടിക്കുമെന്നും ആര്‍.എസ്.എസ് കണക്ക് കൂട്ടുന്നു.സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന സന്ദേശം ലോകസഭ വിധിയിലൂടെ നല്‍കാന്‍ സംഘപരിവാര്‍ നീക്കം നടത്തുന്നതും ഈ അജണ്ട മുന്‍ നിര്‍ത്തിയാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരേക്കാള്‍ കേരളത്തില്‍ പിണറായി ഭരണം മാറി യു.ഡി.എഫ് ഭരണം വരണമെന്ന് ആഗ്രഹിക്കുന്നതും സംഘപരിവാര്‍ പ്രവര്‍ത്തകരാണ്.

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടും ഹര്‍ത്താല്‍ ആക്രമണവുമായി ബന്ധപ്പെട്ടും പൊലീസ് സ്വീകരിച്ച നടപടിയാണ് ഏറ്റവും ഒടുവില്‍ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരെയും നേതാക്കളെയും ഏറെ പ്രകോപിപ്പിച്ചിരിക്കുന്നത്.

Top