മേയര്‍ സ്ഥാനം ഒഴിയണം; സൗമിനിക്കെതിരെ പടയൊരുക്കവുമായി വനിതാ കൗണ്‍സിലര്‍മാര്‍

കൊച്ചി: മുന്‍ ധാരണ പാലിച്ച് സ്ഥാനമൊഴിയാത്ത കൊച്ചി മേയര്‍ സൗമിനി ജയിനിനെതിരെ പടയൊരുക്കവുമായി വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്ത്. സൗമിനി ജയിനിനെ മേയര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്
അടക്കം ആറ് വനിതാ കൗണ്‍സിലര്‍മാരാണ് പരസ്യമായി രംഗത്ത് വന്നത്. രണ്ടര വര്‍ഷത്തിനു ശേഷം അധ്യക്ഷ പദത്തിലുള്ളവര്‍ സ്ഥാനം ഒഴിയാമെന്ന മുന്‍ ധാരണ സൗമിനി ജയിന്‍ തെറ്റിച്ചെന്നാണ് ആരോപണം.

രണ്ടര വര്‍ഷത്തിനു ശേഷം സ്ഥാനമൊഴിയാമെന്ന പാര്‍ട്ടിയിലെ മുന്‍ ധാരണ കുടുംബകാര്യങ്ങളടക്കം ചൂണ്ടിക്കാട്ടി മേയര്‍ ലംഘിച്ചെന്നാണ് സഹപ്രവര്‍ത്തകരായ ആറ് വനിതാ കൗണ്‍സിലര്‍മാരുടെ ആക്ഷേപം. നേതൃത്വം മേയറെ മാറ്റിയില്ലെങ്കില്‍ കെ പി സി സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ നേരില്‍ കണ്ട് പ്രതിഷേധമറിയിയിക്കാനാണ് തീരുമാനം. മേയറെ മാത്രം മോശക്കാരിയാക്കി മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും വനിതാ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

രണ്ടര വര്‍ഷത്തിനു ശേഷം സ്ഥാനമൊഴിയണമെന്നതാണ് പാര്‍ട്ടിയിലെ മുന്‍ധാരണ. എന്നാല്‍ കാലവധി കഴിഞ്ഞപ്പോള്‍ ആദ്യം മകളുടെ വിവാഹമായതിനാല്‍ അതു കഴിഞ്ഞു സ്ഥാനം ഒഴിയാമെന്ന് മേയര്‍ നിലപാടെടുത്തു. ഇത് അംഗീകരിച്ചെങ്കിലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും പാര്‍ലമെന്റ് തിരഞ്ഞെടുപ്പും വന്നപ്പോള്‍ പെട്ടെന്നൊരു സ്ഥാനമാറ്റം ഗുണമാകില്ലെന്നു വിശദീകരിച്ചതിനെ തുടര്‍ന്ന് തുടരാന്‍ അനുവദിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും മേയര്‍ മാറുന്നതിന് വിമുഖത തുടരുന്ന പശ്ചാത്തലത്തിലാണ് പരസ്യമായി രംഗത്തു വരുന്നതെന്ന് കൗണ്‍സില്‍ അംഗം വി.കെ. മിനിമോള്‍ പറഞ്ഞു.

വി.കെ.മിനിമോള്‍,ഷെമീന, ഗ്രേസി ബാബുജേക്കബ്,മാലിനി, സാക്രിത, ഡെലിന പീറ്റര്‍ എന്നീ കൗണ്‍സിലര്‍മാരാണ് ഇന്ന് മേയര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. ഈ മാസം 13ന് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കും മുന്‍പ് മേയറുടെ സ്ഥാനമാറ്റത്തില്‍ തീരുമാനം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Top