കൊല്ലം ലോക്സഭാ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് :എന്‍ കെ പ്രേമചന്ദ്രന്‍

കോഴിക്കോട്: കൊല്ലം ലോക്സഭാ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍. നിയോജക മണ്ഡലത്തിലും പാര്‍ലമെന്റിലും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ മണ്ഡലത്തില്‍ തനിക്ക് നെഗറ്റീവ് പ്രതിച്ഛായ ഇല്ല. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തിലും കൊല്ലംകാര്‍ തൃപ്തരല്ലെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം വളരെ മോശമെന്ന് 24.9 ശതമാനം അഭിപ്രായപ്പെടുമ്പോള്‍ മോശമെന്നാണ് 38.8 ശതമാനത്തിന്റെയും അഭിപ്രായം. പ്രതിപക്ഷ പ്രവര്‍ത്തനം ശരാശരിയെന്ന് 25.3 ശതമാനം അഭിപ്രായപ്പെടുമ്പോള്‍ മികച്ചതെന്ന് 7.7 ശതമാനവും വളരെ മികച്ചതെന്ന് 2.3 ശതമാനവും പറയുന്നു. അറിയില്ലെന്ന് അഭിപ്രായപ്പെട്ടവര്‍ ഒരു ശതമാനമാണ്.ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ലെങ്കിലും സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷവും സിറ്റിങ്ങ് എംപിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ് എന്നാണ് വ്യക്തമാകുന്നത്. കൊല്ലം യുഡിഎഫ് നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമാകുക സിറ്റിങ്ങ് എംപിയുടെ മികവ് തന്നെയാണെന്നാണ് അഭിപ്രായ വോട്ടെടുപ്പില്‍ പ്രതിഫലിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ മോശമെന്ന് 20.9 ശതമാനം പേര്‍ അഭിപ്രായപ്പെടുമ്പോള്‍ 32.2 ശതമാനം പേര്‍ മോശമെന്ന അഭിപ്രായക്കാരാണ്. 24.3 ശതമാനം പേര്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിയെന്ന അഭിപ്രായക്കാരാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് 13.2 ശതമാനം അഭിപ്രായപ്പെടുമ്പോള്‍ വളരെ മികച്ചതെന്ന് 8.7 ശതമാനവും അഭിപ്രായപ്പെടുന്നു. അറിയില്ലെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 0.7 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം പിറണായി സര്‍ക്കാര്‍ മോശമാണെന്ന് 63.4 ശതമാനം പേര്‍ അഭിപ്രായപ്പെടുമ്പോള്‍ ഒരുപോലെയെന്നാണ് 23.8 ശതമാനം ആളുകളുടെ പ്രതികരണം.സിറ്റിങ്ങ് എംപിയുടെ പ്രവര്‍ത്തന മികവിനൊപ്പമാണ് കൊല്ലമെന്നാണ് അഭിപ്രായ സര്‍വ്വേയില്‍ തെളിയുന്നത്. എം പിയുടെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് 50.7 ശതമാനം പേരാണ് അഭിപ്രായപ്പെടുന്നത്. 20.6 ശതമാനം പേര്‍ മികച്ചത് എന്നും അഭിപ്രായപ്പെട്ടു. 17.1 ശതമാനം ശരാശരിയെന്ന അഭിപ്രായക്കാരാണ്. എം പിയുടെ പ്രവര്‍ത്തനം മോശമെന്ന് 9.4 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ വളരെ മോശമെന്ന് 2.2 ശതമാനവും അഭിപ്രായപ്പെടുന്നു.

ആര്‍എസ്പിയുടെ സിറ്റിങ് സീറ്റായ കൊല്ലം യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പ്രീപോള്‍ സര്‍വ്വേയില്‍ കണ്ടെത്തിയത്. 53.1 ശതമാനം പേര്‍ യുഡിഎഫിനെ പിന്തുണച്ചു. വിജയം എല്‍ഡിഎഫിന് ഒപ്പമെന്ന് 33.4 ശതമാനം പേരും കൊല്ലത്ത് ബിജെപി വിജയിക്കുമെന്ന് 12.9 ശതമാനം പേരും അഭിപ്രായപ്പെട്ടു. അറിയില്ലെന്നായിരുന്നു 0.6 ശതമാനത്തിന്റെ പ്രതികരണം. 2024 ജനുവരി 28 മുതല്‍ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൊല്ലം ലോക്സഭാ മണ്ഡലത്തിലെ 19223 വോട്ടര്‍മാര്‍ പങ്കാളികളായ സാമ്പിള്‍ സര്‍വ്വേയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. യുഡിഎഫിന്റെ അഭിപ്രായം നേതാക്കള്‍ വ്യക്തമാക്കി. ജാഗ്രതക്കുറവുണ്ടായെന്ന് വരുത്തി തീര്‍ക്കാര്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സപ്ലൈകോ വിലക്കുറവ് നവകേരള സദസ്സിന്റെ സമ്മാനമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഒരു ഭാഗത്ത് ധൂര്‍ത്ത്, ഒരു ഭാഗത്ത് ജനദ്രോഹ നടപടികള്‍. ഇടതുമുന്നണി ഭരണം കേരളത്തെ മുടിപ്പിച്ചുവെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ആരോപിച്ചു.

Top