കേന്ദ്രനയത്തിനെതിരായ സംയുക്ത സമരത്തിൽ യുഡിഎഫ് പങ്കെടുക്കില്ല

കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ഡൽഹിയിൽ സംസ്ഥാന സർക്കാർ നടത്താൻ തീരുമാനിച്ച സമരത്തിൽ യുഡിഎഫ് പങ്കെടുക്കില്ല. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകി. യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. ഫെബ്രുവരി എട്ടിനാണ് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന നരേറ്റീവിനോട് യോജിക്കാനാകില്ലെന്ന നേരത്തെ തന്നെ യുഡിഎഫ് ചൂണ്ടിക്കാട്ടിയതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്രാവഗണന. നികുതി ഭരണത്തിലെ കെടുകാര്യസ്ഥത ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ട്. ഇക്കാര്യങ്ങൾ രണ്ട് ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതും മുന്നറിയിപ്പ് നൽകിയിരുന്നതുമാണ് അന്നൊന്നും പ്രതിപക്ഷ വാദങ്ങൾ മുഖവിലയ്ക്കെടുക്കാതിരുന്ന സർക്കാർ, ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിച്ചതിന് പിന്നിൽ സംസ്ഥാന താൽപര്യം മാത്രമല്ല രാഷ്ട്രീയ താൽപര്യവും ഉണ്ടെന്ന് യു ഡി എഫ് സംശയിക്കുന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഡൽഹിയിൽ സമരം ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം, യുഡിഎഫിൽ ചർച്ച ചെയ്ത ശേഷം മറുപടി പറയാമെന്ന ധാരയിലാണ് യോഗം പിരിഞ്ഞത്. എന്നാൽ ഡൽഹിയിലെ സമരത്തിന്റെ തീയതി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്തത്. ഇത് രാഷ്ട്രീയ മര്യാദ അല്ലെന്നുകൂടി ഓർമ്മിപ്പിക്കുന്നെന്നും കത്തിൽ വിഡി സതീശൻ പറഞ്ഞു.

Top