UDF using mainstream medias for attack CPM

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ കരുക്കളാക്കി യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രം ?

സിപിഎമ്മിനെയും ഇടതുപക്ഷത്തിനെയും പ്രതിരോധത്തിലാക്കുന്ന തരത്തില്‍ വാര്‍ത്തകളും വിവാദങ്ങളും സൃഷ്ടിക്കാന്‍ അണിയറയില്‍ വന്‍ഗൂഢാലോചന തന്നെ നടക്കുന്നതായാണ് അറിയുന്നത്.

നേതാക്കള്‍ ഉദ്ദേശിക്കാത്തതും പറയാത്തതുമായ കാര്യങ്ങള്‍ വാര്‍ത്തയാക്കി അതിന്‍മേല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്നത് ഹിഡന്‍ അജണ്ടയുടെ ഭാഗമായാണെന്ന സിപിഎം വാദം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട് വിഎസിന് അതൃപ്തിയുണ്ടെന്നും താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നുമുള്ള തരത്തില്‍ ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്തയും തുടര്‍ന്ന് അക്കാര്യം ഏറ്റെടുത്ത് ദൃശ്യമാധ്യമങ്ങള്‍ വന്‍വിവാദത്തിന് തിരികൊളുത്തിയതും പ്രത്യേക ‘അജണ്ട’ മുന്‍നിര്‍ത്തിയായിരുന്നുവത്രെ.

നിലവില്‍ യുഡിഎഫിനോട് ആഭിമുഖ്യമുള്ളവര്‍ നടത്തുന്ന രണ്ട് പ്രമുഖ മാധ്യമസ്ഥാപനങ്ങളുടേത് തന്നെയാണ് മലയാളത്തിലെ രണ്ട് പ്രമുഖ ചാനലുകള്‍. ഈ ചാനലുകളിലെ രാത്രി ചര്‍ച്ചകളില്‍ സിപിഎമ്മിനെ ടാര്‍ഗറ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഉന്നത സിപിഎം നേതാവ് ചര്‍ച്ച ബഹിഷ്‌കരിക്കുന്ന അവസ്ഥയുമുണ്ടായി.

മറ്റൊരു പ്രമുഖ ചാനലാകട്ടെ ബിജെപി പിന്‍തുണയോടെ രാജ്യസഭാംഗമായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതുമാണ്.

ചുരുക്കത്തില്‍ സിപിഎമ്മിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള പീപ്പിള്‍ ടിവി മാത്രമാണുള്ളത്.

ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ നിയന്ത്രണത്തിലുള്ള ചാനലില്‍ നിന്ന് കടന്നാക്രമണം എന്തായാലും ഇല്ല എന്നത് മാത്രമാണ് മറ്റൊരു ആശ്വാസം.

സോഷ്യല്‍ മീഡിയകളിലും സിപിഎമ്മിനെ മാത്രം ലക്ഷ്യമിട്ട് ആക്രമിക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ തന്നെ യുഡിഎഫ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

താന്‍ പറയാത്ത കാര്യങ്ങള്‍ ഇംഗ്ലീഷ് പത്രത്തില്‍ അച്ചടിച്ച് വന്നതിനെ ശുദ്ധതെമ്മാടിത്തരമെന്നാണ് വിഎസ് വിമര്‍ശിച്ചത്.

അതിരൂക്ഷമായ വിഎസിന്റെ ഈ പ്രതികരണം പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ചിരുന്ന ദൃശ്യമാധ്യമങ്ങള്‍ക്കാണ് കനത്ത തിരിച്ചടിയായത്.

നേരത്തെ ബാര്‍ വിഷയത്തിലും വിഎസുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം പുറത്തിറക്കിയ പ്രമേയവുമായി ബന്ധപ്പെട്ടും ചാനലുകള്‍ സിപിഎമ്മിനെ കടന്നാക്രമിച്ചിരുന്നു.

ലോകത്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഇടപെട്ടതായ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ മാധ്യമ അജണ്ടകളെയും സംശയത്തോട് കൂടിയാണ് സിപിഎം കാണുന്നത്.

അതേ സമയം വി.എസിന്റെ ശബ്ദരേഖ പുറത്ത് വിട്ട് വിശ്വാസീയത തെളിയിക്കാനുള്ള മാധ്യമങ്ങളുടെ നീക്കവും പാളി. ശബ്ദ രേഖയില്‍ പാര്‍ട്ടി വിരുദ്ധമായ ഒരു വാക്കുപോലും വി.എസ് പറഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം.

Top