ഇന്ന് കരിദിനം; നികുതി വർദ്ധനക്കെതിരെ യുഡിഎഫ് പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നികുതികൾ പ്രാബല്യത്തിൽ വരുന്ന ഇന്ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി ഉയർത്തി പന്തം കൊളുത്തി പ്രതിഷേധിക്കുമെന്ന് കൺവീനർ എംഎം ഹസൻ പറഞ്ഞു.

യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാവിലെ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും.

വെള്ളക്കരം, വൈദ്യുതി ചാർജ്, വീട്ടുകരം, ഇന്ധനവില എന്നിവ അശാസ്ത്രീയമായി വർദ്ധിപ്പിച്ച് ജനങ്ങൾക്ക് എല്ലാ മേഖലകളിലും ദുർദിനമാണ് സമ്മാനിക്കുന്നതെന്നും ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് വെള്ളത്തിന് പോലും നികുതി ഏർപ്പെടുത്തി ജനങ്ങളുടെ വെള്ളംകുടി മുട്ടിച്ചിരിക്കുകയാണ് സർക്കാരെന്നും ഹസ്സൻ പറഞ്ഞു. ഇന്ധനവില വർധനവ് സമസ്മത മേഖലയിലും വില വർധനവിന് വഴിവെയ്ക്കും. സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും തലയിൽ അധിക ഭാരം അടിച്ചേൽപ്പിച്ചുള്ള നികുതി കൊള്ളയ്ക്കെതിരെയാണ് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുന്നത്, ഹസൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Top