ഡൽഹി സമരത്തിൽ നിന്നും വിട്ടു നിന്നാൽ, യു.ഡി.എഫിന് വലിയ വില നൽകേണ്ടി വരും, ലീഗ് നേതൃത്വത്തിലും ആശങ്ക

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി സര്‍ക്കാറിനെതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷം പ്രഖ്യാപിച്ച അപ്രതീക്ഷിത സമരം യഥാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുന്നതിപ്പോള്‍ കോണ്‍ഗ്രസ്സിനെയും ലീഗിനെയുമാണ്. രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭത്തില്‍ നിന്നും വീട്ടു നില്‍ക്കാനുള്ള കാര്യത്തിലും യു.ഡി.എഫില്‍ ഭിന്നത രൂക്ഷമാണ്.

പിണറായി സര്‍ക്കാറിനെതിരെ പോരാടുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വത്തെ സംബന്ധിച്ച് പിണറായിയുമൊത്ത് ഡല്‍ഹിയില്‍ സമരം നടത്തുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്. ലീഗിലെ ഒരു വിഭാഗത്തിനും ഇതേ അഭിപ്രായം തന്നെയാണുള്ളത്. എന്നാല്‍ ലീഗിലെ മറുവിഭാഗത്തിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. മോദി സര്‍ക്കാറിനെതിരായ സമരത്തില്‍ നിന്നും യു.ഡി.എഫ് വിട്ടു നില്‍ക്കുന്നത് ഇടതുപക്ഷത്തിനാണ് ആത്യന്തികമായി ഗുണം ചെയ്യുക എന്നതാണ് ഈ വിഭാഗത്തിന്റെ വാദം.

ഇന്ത്യാ മുന്നണിയിലെ ഘടക കക്ഷികളാണ് ഇടതുപക്ഷവും യു.ഡി.എഫും എന്നതിനാല്‍ ഡല്‍ഹി സമരത്തില്‍ പങ്കെടുത്തില്ലങ്കില്‍ അത് ഇന്ത്യാ സഖ്യത്തിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുമെന്ന ആശങ്ക കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിനുമുണ്ട്. ഇക്കാര്യം ദേശീയ നേതാക്കള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും അംഗീകരിക്കാന്‍ കേരള ഘടകം തയ്യാറായിട്ടില്ല. കോണ്‍ഗ്രസ്സിന് ഏറ്റവും കൂടുതല്‍ ലോകസഭ അംഗങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമായതിനാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ തീരുമാനം അംഗീകരിക്കാന്‍ ദേശീയ നേതൃത്വവും നിര്‍ബന്ധിതമായിരിക്കുകയാണ്.

കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണിയിലെ എല്ലാ ഘടക കക്ഷികള്‍ക്കും ഇതിനകം തന്നെ ഇടതുപക്ഷം കത്തുകള്‍ നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും ഒഴികെയുള്ള മറ്റു പാര്‍ട്ടികള്‍ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിനിധികളെ അയക്കുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെ സംഭവിച്ചാല്‍ അതും കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കും. ഫെബ്രുവരി എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്നത്. മന്ത്രിമാരും എംഎല്‍എമാരും എം.പിമാരും ഉള്‍പ്പെടെയാണ് ഈ സമരത്തിന്റെ ഭാഗമാകുക.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് രാജ്യം ശ്രദ്ധിക്കുന്ന തരത്തില്‍ ഇത്തരമൊരു വലിയ പ്രക്ഷോഭത്തിന് ഇടതുപക്ഷം തയ്യാറെടുത്തിരിക്കുന്നത്. പദ്ധതി വിഹിതം വെട്ടിക്കുറച്ചും കടമെടുപ്പ് പരിധി കുറച്ചതുമെല്ലാം. അവഗണനയുടെ തെളിവായി സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ രാജ്യ തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും സമരം നടത്തുന്നത് പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുമെന്ന കാര്യവും ഉറപ്പാണ്. സമരം നടക്കുന്ന അതേദിവസം കേരളത്തിലെ ബൂത്ത് തലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തുവാനും ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഒരേസമയം ബി.ജെ.പിയെയും യു.ഡി.എഫിനെയും വെട്ടിലാക്കുന്ന രാഷ്ട്രീയ കരുനീക്കമാണിത്.

ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൃത്യമായ അജണ്ട നിശ്ചയിച്ചാണ് ഒരോ സ്റ്റെപ്പും ഇടതുപക്ഷം ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്. മോദി സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്താന്‍ യു.ഡി.എഫ് തയ്യാറാകുന്നില്ലെന്ന പ്രചരണം പ്രതിപക്ഷത്തെ സംബന്ധിച്ച് തീര്‍ച്ചയായും പ്രതിരോധത്തിലാക്കുന്നതു തന്നെയാകും. 2019-ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ച മതന്യൂനപക്ഷ വോട്ടുകളില്‍, എത്ര ശതമാനം ഇത്തവണ യു.ഡി.എഫിനു കിട്ടുമെന്നതും കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. ബി.ജെ.പി വലിയ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന തൃശൂരിലും ഇനി ഇടതുപക്ഷവും ബി.ജെ.പിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുക.

മുസ്ലിം വോട്ടുകള്‍ നിര്‍ണ്ണായകമായ കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ഇപ്പോള്‍ തന്നെ സീറ്റിംഗ് എം.പിമാര്‍ക്ക് ചങ്കിടിപ്പ് തുടങ്ങിയിട്ടുണ്ട്. മുസ്ലീംലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയിലും സ്ഥിതി വ്യത്യസ്തമല്ല. ഈ മണ്ഡലം പിടിച്ചെടുക്കാനും ശക്തമായ നീക്കമാണ് ഇടതുപക്ഷം നടത്തുന്നത്. സമസ്ത – ലീഗ് ഭിന്നത വര്‍ദ്ധിച്ചതും യു.ഡി.എഫ് നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. 20-ല്‍ 15 സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന വാശിയിലാണ് ഇടതുപക്ഷം മുന്നോട്ടു പോകുന്നത്. അതിനായുള്ള തന്ത്രങ്ങളും അണിയറയില്‍ റെഡിയാണ്. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണത്. അതെന്തായാലും… പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top