‘ചിത്രലേഖയുടെ ഭൂമി തിരിച്ചെടുത്താല്‍ ഭൂസമരം’;സര്‍ക്കാരിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്സ്

കണ്ണൂര്‍: സിപിഎമ്മിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ ദളിത് ഓട്ടോഡ്രൈവര്‍ ചിത്രലേഖയെ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അഞ്ച് സെന്റില്‍ നിന്ന് കുടിയിറക്കാന്‍ ശ്രമിച്ചാല്‍ രണ്ടാം കാട്ടാമ്പള്ളി ഭൂസമരത്തിന് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍. ചിറക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ ചിത്രലേഖയ്ക്കു സര്‍ക്കാര്‍ അനുവദിച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഹസന്‍. ഭൂമി തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചാല്‍ എന്തു വില കൊടുത്തും കോണ്‍ഗ്രസ്സ് തടയുമെന്നും ഹസന്‍ ചിത്രലേഖയോടു പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ വീടുനിര്‍മ്മാണം പൂര്‍ത്തിയാകാനിരിക്കെയാണ് ഭൂമി തിരിച്ചുപിടിക്കാന്‍ ഈ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികവിഭാഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടു ചിത്രലേഖ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. തനിക്കു നോട്ടിസ് നല്‍കാതെയും തന്റെ ഭാഗം കേള്‍ക്കാതെയും ഉത്തരവിറക്കിയതു നിയമവിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു. എ.പി. അബ്ദുല്ലക്കുട്ടി, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് ഹസ്സന്‍ ചിത്രലേഖയുടെ വീട് സന്ദര്‍ശിച്ചത്.

Top