ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാല് ഘട്ടമായി പിന്‍വലിക്കണം: യു.ഡി.എഫ്

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാല് ഘട്ടമായി പിന്‍വലിക്കണമെന്ന് യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളെ കോവിഡ് വ്യാപ്തിക്കനുസരിച്ച് നാലായി തിരിക്കണമെന്നും ഓരോ പ്രദേശത്തിനും പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ട്രെയിന്‍, വിമാന സര്‍വീസുകളെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടെന്നും ആഭ്യന്തര വിമാന സര്‍വീസുകള്‍ ഏപ്രില്‍ അവസാനത്തില്‍ പരിഗണിച്ചാല്‍ മതി. അതേസമയം വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന മലയാളികളെ വിമാനത്താവളത്തില്‍ വെച്ച് നിരീക്ഷണത്തിലേക്ക് മാറ്റണം. ഇതിന് പ്രത്യേക സംവിധാനമൊരുക്കണം.

മുന്‍ ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഉപസമിതിയില്‍ സി.പി. ജോണ്‍, ജി. വിജയരാഘവന്‍, പ്രതിപക്ഷ ഉപനേതാവ് എം.െക മുനീര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ഈ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവും ചെന്നിത്തല ഉയര്‍ത്തി. തങ്ങള്‍ വസ്തുനിഷ്ഠമായി ഉന്നയിച്ച കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നും കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍ അഴിമതിയുണ്ടെന്നും മുഖ്യമന്ത്രിയുടെ പി.എയുടെ റൂം അണുവിമുക്തമാക്കാന്‍ അഞ്ച് ലക്ഷം അനുവദിച്ചത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.

Top