UDF ‘s last decisions retaliated,says Chennithala

ramesh-Chennithala

കൊച്ചി: യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിന്റെ അവസാന നാളുകളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച വിവാദങ്ങളും മുന്നണിയെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയത് അടക്കമുള്ള തീരുമാനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സംശയത്തിന് ഇടനല്‍കി. മന്ത്രിസഭാ യോഗത്തില്‍ ഔട്ട് ഒഫ് അജണ്ടയായി ഈ വിഷയം കൊണ്ടു വരേണ്ടിയിരുന്നില്ല. തീരുമാനം വിവാദമായതോടെ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും അക്കാര്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായില്ലെന്നും ചെന്നിത്തല പറഞ്ഞു.

പദവി നല്‍കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചേര്‍ന്ന് വി.എസ്.അച്യുതാനന്ദനെ കബളിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സാധാരണ എം.എല്‍.എയായി തുടരണോയെന്ന കാര്യം വി.എസ് ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും പരാജയം സ്ഥിരമല്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിളക്കമാര്‍ന്ന വിജയം കൈവരിച്ച് തിരിച്ചു വരും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് അധികാരം തിരിച്ചു പിടിക്കുമെന്നും ചെന്നിത്തല പ്രതീക്ഷ പ്രകടിപ്പിച്ചു.

Top