എസ്ഡിപിഐ പിന്തുണ തള്ളി എല്‍ഡിഎഫ്; ഈരാറ്റുപേട്ട നഗരസഭയില്‍ വീണ്ടും യുഡിഎഫ് ഉദയം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫിന്റെ സുഹ്റ അബ്ദുല്‍ഖാദര്‍ വീണ്ടും ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസം പ്രമേയം കൊണ്ടുവന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് അംഗം അന്‍സല്‍ന പരീക്കുട്ടിയെ യുഡിഎഫ് നേതൃത്വം പാളയത്തില്‍ മടക്കിയെത്തിച്ചു. ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്നാണ് എല്‍ഡിഎഫിന്റെ വിശദീകരണം.

നേരത്തെ, സിപിഎം, എസ്ഡിപിഐ ബന്ധത്തിന്റെ പേരില്‍ ഈരാറ്റുപേട്ട നഗരസഭ വിവാദമായിരുന്നു. എസ്ഡിപിഐ പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസം വിജയിച്ചത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇടതുമുന്നണിയുടെ പിന്‍മാറ്റം. അവിശ്വാസത്തിലൂടെ തുടര്‍ച്ചയായ രണ്ട് നഗരസഭകളില്‍ ഭരണം നഷ്ടപ്പെട്ട യുഡിഎഫിന് ഈരാറ്റുപേട്ടയില്‍ ഭരണം നിലനിര്‍ത്താനായത് നേട്ടമായി.

Top