യുവജന വിഭാഗത്തെ സജീവമാക്കാനൊരുങ്ങി യുഡിഎഫ്; നാളെ തിരുവന്തപുരത്ത് യോഗം

തിരുവനന്തപുരം: യുവജന വിഭാഗത്തെ സജീവമാക്കാനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ യുവജന സംഘടനകളുടെ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് യോഗം വിളിച്ചു ചേര്‍ത്തത്. ജില്ലാ തലങ്ങളില്‍ പ്രതിപക്ഷ യുവജന സംഘടനകളുടെ കൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം.

ഉച്ചയ്ക്ക് രണ്ടിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയായ കണ്‍ന്റോണ്‍മെന്റ് ഹൗസിലാണ് യുഡിവൈഎഫ് യോഗം. ലോക്‌സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ യുവജന സംഘടനകളെ ഏകോപിപ്പിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. ജില്ലാതലങ്ങളിലും കൂട്ടായ്മയ്ക്ക് രൂപം നല്‍കും. കേന്ദ്ര സര്‍ക്കാരിനെതിരെ യുഡിവൈഎഫ് നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ആലോചന. ജനുവരി രണ്ടാം വാരം തലസ്ഥാനത്ത് ആയിരങ്ങളെ അണിനിരത്തി കേന്ദ്രത്തിനെതിരെയുള്ള യുവജനവികാരം ആളിക്കത്തിക്കാനാണ് ശ്രമം. സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. യുഡിവൈഎഫ് ബാനറില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനും കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രാദേശിക തലങ്ങളില്‍ യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ യുവജന സംഘടനങ്ങളുമായി പ്രവര്‍ത്തനം ഏകോപിക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റേയും തീരുമാനം. കുറച്ചുകാലമായി യൂത്ത് ലീഗ് സമരമുഖത്ത് സജീവമല്ല. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ യൂത്ത് ലീഗും സമരസംഘടനയാകണമെന്ന് അഭിപ്രായം മുന്നണിയില്‍ ഉണ്ട്.

Top