കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നടത്തുന്ന ജാഥ നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
ജാഥയുടെ ഭാഗമായി കോഴിക്കോട്ടും കൊച്ചിയിലും മേഖല റാലി നടക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളെ കേന്ദ്രീകരിച്ച് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയില്‍ ഗുലാം നബി ആസാദ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊച്ചിയില്‍ നടക്കുന്ന റാലി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് ജാഥാസമാപനത്തിന്റെ ഭാഗമായി നടത്തുന്ന റാലി എ.ഐ.സി.സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ജാഥയുടെ ഭാഗമായി ഒരു കോടി ഒപ്പുകള്‍ ശേഖരിക്കും. ഗൃഹസന്ദര്‍ശനം നടത്തിയാണ് ഒപ്പുകള്‍ ശേഖരിക്കുകയെന്ന് യു.ഡി.എഫ് യോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിച്ച രമേശ് ചെന്നിത്തല പറഞ്ഞു.
കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ നിന്നുള്ള യു.ഡി.എഫ് ജില്ല ചെയര്‍മാന്മാര്‍, കണ്‍വീനര്‍മാര്‍, ഘടകകക്ഷി പാര്‍ട്ടി ജില്ല ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.