ആലപ്പുഴയിലെ തോൽവിയിൽ ‘കുടുങ്ങി’ രമേശ് ചെന്നിത്തല, പ്രതിഷേധം ശക്തം

യു.ഡി.എഫിന് ട്വന്റി ട്വന്റി വിജയം നഷ്ടപ്പെടുത്തിയ ആലപ്പുഴ തോല്‍വിക്കു പിന്നില്‍ കോണ്‍ഗ്രസിലെ കാലുവാരല്‍. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടെ വോട്ടുചോര്‍ച്ചയും ചേര്‍ത്തലയില്‍ വന്‍തിരിച്ചടി നേരിട്ടതും പാലംവലിയാണെന്ന ആരോപണമാണ് കോണ്‍ഗ്രസില്‍ ഉയരുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ അരൂര്‍ എം.എല്‍.എ, എ.എം ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ കെ.സി സംഘടനാചുമതലയുണ്ടെന്നു പറഞ്ഞ് മത്സരരംഗത്തുനിന്നും മാറുകയായിരുന്നു.

വയനാട് ലോക്‌സഭാ മണ്ഡലത്തിനായി പിടിമുറുക്കിയ ഷാനിമോള്‍ ഉസ്മാന്‍ രമേശ് ചെന്നിത്തല പറഞ്ഞിട്ടും പിന്‍മാറാന്‍ തയ്യാറായതുമില്ല. വയനാട്ടില്‍ കെ.പി.സി.സി സെക്രട്ടറി അബ്ദുള്‍ മജീദിനെയാണ് ഐ ഗ്രൂപ്പ് നോമിനിയായി ചെന്നിത്തല ഉയര്‍ത്തികാട്ടിയിരുന്നത്. തര്‍ക്കങ്ങള്‍ക്കൊടുവില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധിതന്നെ സ്ഥാനാര്‍ത്ഥിയായതോടെ ഷാനിമോള്‍ക്ക് ആലപ്പുഴയില്‍ നറുക്കുവീഴുകയായിരുന്നു. എന്നാല്‍ അവര്‍ ആലപ്പുഴയില്‍ പ്രചരണത്തിനെത്തിയപ്പോള്‍ തന്നെ ഐ ഗ്രൂപ്പിലെ ഭിന്നതയും പ്രകടമായിരുന്നു.

ഷാനിമോള്‍ പരാജയപ്പെട്ടാല്‍ ആലപ്പുഴയില്‍ അടുത്ത അവസരത്തില്‍ കെ.സി വേണുഗോപാലിനോ വേണ്ടപ്പെട്ടവര്‍ക്കോ സീറ്റുറപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഒരു വിഭാഗം. ഐ ഗ്രൂപ്പ് വോട്ടുകളിലെ ഏറിയപങ്കും മുന്‍ കോണ്‍ഗ്രസുകാരനും പി.എസ്.സി ചെയര്‍മാനുമായ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണനാണ് ലഭിച്ചത്. കെ.എസ് രാധാകൃഷ്ണന്‍ 1,87729 വോട്ടുകളാണ് പിടിച്ചത്. രമേശ് ചെന്നിത്തല 18,621 വോട്ടുകള്‍ക്ക് വിജയിച്ച ഹരിപ്പാട്ട് ഷാനിമോള്‍ ഉസ്മാന് 5844 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്.

ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണന് 26,238 വോട്ടുകളാണ് കിട്ടിയത്. ഹരിപ്പാട്ട് ഐ ഗ്രൂപ്പ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയെന്ന ആരോപണമാണ് എ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. എല്‍.ഡി.എഫ് പോലും ഹരിപ്പാട്ട് ഷാനിമോള്‍ക്ക് 15,000 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിച്ചിരുന്നത്. അരൂര്‍ മണ്ഡലത്തിലെ എം.എല്‍.എയായ ആരിഫിന് കഴിഞ്ഞ തവണ ലഭിച്ചിരുന്ന 38,519 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം അട്ടിമറിച്ച് ഷാനിമോള്‍ 648 വോട്ടുകള്‍ക്ക് ലീഡ് ചെയ്തപ്പോഴാണ് പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തില്‍ ലീഡ് കുത്തനെ കുറഞ്ഞത്.

ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആലപ്പുഴയില്‍ മന്ത്രിമാരായ തോമസ് ഐസക്ക്, ജി, സുധാകരന്‍, സ്ഥാനാര്‍ത്ഥി ആരിഫ് എന്നിവരുടെ മണ്ഡലങ്ങളില്‍ യു.ഡി.എഫ് മുന്നേറിയപ്പോള്‍ ചേര്‍ത്തലയില്‍ പതിനേഴായിരത്തോളം വോട്ടിനാണ് ഷാനിമോള്‍ പിന്നില്‍ പോയത്. മന്ത്രി പി. തിലോത്തമന്‍ കഴിഞ്ഞ തവണ 7150 വോട്ടുകള്‍ക്ക് വിജയിച്ച ചേര്‍ത്തലയില്‍ ഷാനിമോള്‍ 16,894 വോട്ടുകള്‍ക്കാണ് പിന്നിലായി പോയത്.

ഇത് കൂട്ടത്തോടെയുള്ള കാലുവാരലാണ്. ഏഴു മണ്ഡലങ്ങളില്‍ ചേര്‍ത്തലയും പ്രതിഭ ഹരിയുടെ കായംകുളത്തും മാത്രമാണ് ആരിഫിന് ലീഡ് നേടാനായത്. അഞ്ചു മണ്ഡലങ്ങളില്‍ ഷാനിമോള്‍ നേടിയ മേല്‍ക്കൈ ചേര്‍ത്തലയിലെയും കായംകുളത്തെയും ഭൂരിപക്ഷം കൊണ്ട് ആരിഫ് മറികടക്കുകയായിരുന്നു.ആലപ്പുഴയില്‍ തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍തന്നെ അട്ടിമറി നീക്കം കോണ്‍ഗ്രസ് നേതാക്കള്‍ കെ.പി.സി.സി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാമിനെ ആലപ്പുഴയുടെ കാര്യങ്ങള്‍ പരിശോധിക്കാനായി നേതൃത്വം അയച്ചെങ്കിലും ചെന്നിത്തലയുടെ വിശ്വസ്ഥനായ ജോണ്‍സണ്‍ ആലപ്പുഴയിലെ സ്ഥിതിഗതികള്‍ നേതൃത്വത്തെ ശരിയായ രീതിയില്‍ അറിയിച്ച് തിരുത്തല്‍ നടപടിക്കായി ശ്രമിച്ചിരുന്നില്ല. തിരുവനന്തപുരത്ത് പ്രാദേശിക നേതാക്കള്‍ ഇടഞ്ഞതും പ്രവര്‍ത്തനത്തിലെ മാന്ദ്യവും ശശി തരൂരിനെയും ചൊടിപ്പിച്ചിരുന്നു. ഇതോടെ എ.ഐ.സി.സിയും കെ.പി.സി.സിയും ഇടപെട്ട് നിരീക്ഷകനെ അയച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുകയായിരുന്നു. ഈ നീക്കമാണ് തിരുവനന്തപുരത്ത് തരൂരിന് തിളക്കമാര്‍ന്ന വിജയമുണ്ടാക്കിയത്. എന്നാല്‍ ഈ ആനുകൂല്യം ഷാനിമോള്‍ ഉസ്മാന് ആലപ്പുഴയില്‍ ലഭിച്ചില്ല.

സ്വന്തം നിയമസഭാ മണ്ഡലം ഉള്‍ക്കൊള്ളുന്ന ആലപ്പുഴയില്‍ ചെന്നിത്തലയെങ്കിലും ജാഗ്രത കാണിച്ചെങ്കില്‍ കേരളത്തില്‍ യു.ഡി.എഫിന് ട്വന്റി ട്വന്റി നേട്ടം ഉറപ്പിക്കാമായിരുന്നുവെന്ന വികാരമാണ് യു.ഡി.എഫിലും ഇപ്പോള്‍ ഉയരുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ, ചെങ്ങന്നൂര്‍, നിലമ്പൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ കാലുവാരി തോല്‍പ്പിച്ചെന്ന പരാതി ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ ധരിപ്പിച്ചിരുന്നു.കെ.ബാബു, പി.സി വിഷ്ണുനാഥ്, ആര്യാടന്‍ ഷൗക്കത്ത്, ടി.സിദ്ദിഖ് എന്നിവരെ തോല്‍പ്പിച്ചതാണ് ഉമ്മന്‍ചാണ്ടിയെ പ്രകോപിച്ചത്.

നേരിയ ഭൂരിപക്ഷം ലഭിച്ചാല്‍ നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന് മുഖ്യമന്ത്രി സ്ഥാനം അടിച്ചെടുക്കാനാണ് ചെന്നിത്തല പാലം വലിച്ചതെന്ന പരാതിയാണ് എ ഗ്രൂപ്പ് അന്ന് ഉയര്‍ത്തിയിരുന്നത്. ഇതിനു ശേഷം പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് ചെന്നിത്തല പ്രതിപക്ഷ നേതാവായത്.

എന്നാല്‍ ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ ഉമ്മന്‍ചാണ്ടിക്ക് വീണ്ടും പ്രതിപക്ഷ നേതൃസ്ഥാനത്തെത്താനുള്ള സാധ്യതയും തെളിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിലെ വലിയ വിഭാഗവും ഘടകകക്ഷികളായ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും ഇതാണ് ആഗ്രഹിക്കുന്നത്. എ ഗ്രൂപ്പ് ഇത്തരമൊരു നീക്കം നടത്തിയാല്‍ ആലപ്പുഴ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം തന്നെ ചെന്നിത്തലക്ക് ഇനി നഷ്ടമാകും.

Political Reporter

Top