യുഡിഎഫില്‍ നിന്ന് പുറത്തായത് പാലാരിവട്ടം അഴിമതിയില്‍ പരാതി നല്‍കിയതിനാല്‍;ഗണേഷ് കുമാര്‍

കൊല്ലം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ അഴിമതിയെപ്പറ്റി പറഞ്ഞതിനാലാണ് തനിക്ക് യുഡിഎഫില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോട് തെളിവുകള്‍ സഹിതം അന്ന് പരാതിപ്പെട്ടു എന്നാല്‍ അപമാനിതനായി തനിക്ക് പുറത്ത് പോകേണ്ടി വന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അഴിമതിക്കായി ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അറിയാതെ പാലാരിവട്ടത്തെ അഴിമതി നടക്കില്ലെന്നും ആ സര്‍ക്കാരിന്റെ കാലത്ത് നടന്ന മറ്റു പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിയുടേതടക്കം എല്ലാ പദ്ധതികളും പരിശോധിക്കണമെന്നും പാലാരിവട്ടം മഞ്ഞുമലയുടെ ചെറിയ അറ്റം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാലാരിവട്ടം മേല്‍ പാലം തികഞ്ഞ അഴിമതിയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാരകരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഡിസൈനിലും നിര്‍മ്മാണത്തിവും മേല്‍നോട്ടത്തിലും അപാകതയുണ്ടായെന്നും, നിര്‍മ്മാണത്തില്‍ കിറ്റകോയ്ക്ക് ഗുരുതര വീഴ്ച പറ്റിയെന്നും മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന സ്ഥാപനം അത് വേണ്ടവിധം നടത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കിറ്റ്‌കോയുടെ നേതൃത്വത്തില്‍ നടന്ന എല്ലാ നിര്‍മ്മാണങ്ങളും അന്വേഷിക്കുമെന്നും സുധാകരന്‍ ഉറപ്പ് നല്‍കി.

Top