അൻസാരി പലായനം ചെയ്ത് രക്ഷപ്പെട്ടു, നിയാസ് പേര് മാറ്റുന്നതും രക്ഷപ്പെടാൻ !

കേരളത്തില്‍ ഇടതുപക്ഷത്തെ കൈവിട്ട് യു.ഡി.എഫിനെ പുണര്‍ന്നവരാണ് മത ന്യൂനപക്ഷങ്ങള്‍. പ്രത്യേകിച്ച് മുസ്ലിം വിഭാഗം. അതാണ് 20ല്‍ 19 സീറ്റിലും വമ്പന്‍ ഭൂരിപക്ഷത്തിന് വിജയിക്കാന്‍ അവരെ സഹായിച്ചത്. ശബരിമല വിഷയത്തില്‍ ഭൂരിപക്ഷ സമുദായത്തിലുണ്ടായ ആശങ്ക വോട്ടാക്കി മാറ്റാനും യു.ഡി.എഫിന് കഴിഞ്ഞിരുന്നു.

കോണ്‍ഗ്രസ്സിനെയും അതിന്റെ നേതാവായ രാഹുല്‍ ഗാന്ധിയെയും രക്ഷകരായി കണ്ട് വോട്ട് ചെയ്ത ഈ ന്യൂനപക്ഷങ്ങള്‍, വടക്കേ ഇന്ത്യയിലേക്ക് ഇപ്പോള്‍ ഒന്നു നോക്കണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കല്ല, കോണ്‍ഗ്രസ്സ് ഭരിക്കുന്ന മധ്യപ്രദേശിലേക്ക് മാത്രം നോക്കിയാല്‍ മതി. അവിടെ കാണാം ന്യൂനപക്ഷങ്ങള്‍ എത്രമാത്രം സുരക്ഷിതരാണെന്ന്. മുസ്ലീങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് സ്വന്തം പേര് തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാറ്റുകയാണ്.

മധ്യപ്രദേശ് സര്‍ക്കാറിന് കീഴിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ നിയാസ് ഖാനാണ് ഭയന്ന് പേര് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. മുസ്ലീം വിഭാഗത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുണ്ടെന്നും അതിനാല്‍ പേര് മാറ്റുകയാണെന്നുമാണ് നിയാസ് ഖാന്‍ പറയുന്നത്. അക്രമാസക്തരായ ആള്‍ക്കൂട്ടത്തില്‍ നിന്നും പുതിയ പേര് തന്നെ രക്ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

തൊപ്പിയും കുര്‍ത്തയും ധരിക്കാതെ വ്യാജപ്പേര് പറഞ്ഞ് സുരക്ഷിതമായി ജീവിക്കാമെന്നാണ് ഈ ചെറുപ്പക്കാരന്റെ വാദം. തന്റെ സഹോദരന്‍ യാഥാസ്ഥിതിക മുസ്ലീം വേഷങ്ങള്‍ ധരിക്കുകയാണെങ്കില്‍ അയാള്‍ ഏറ്റവും ഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത് എന്നും നിയാസ് ഖാന്‍ ചൂണ്ടിക്കാണിക്കുന്നു. മുസ്ലീങ്ങളെ സംരക്ഷിക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലന്നും അതിനാല്‍ മുസ്ലീങ്ങള്‍ പേര് മാറ്റുകയാണ് വേണ്ടതെന്നുമാണ് പരിഹാരമായി നിയാസ് നിര്‍ദേശിക്കുന്നത്.

ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരു സാധാരണക്കാരന്റെ പ്രതികരണമല്ലയിത്. ജനങ്ങളെ സേവിക്കാന്‍ ചുമതലപ്പെട്ട ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലാണ്. അതുകൊണ്ടു തന്നെ അതീവ ഗൗരവമായി മാത്രമേ ഈ നിലപാടിനെ കാണാന്‍ സാധിക്കുകയുള്ളൂ. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ക്രമസമാധാന പാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറുകളുടെ കടമയാണ്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന മധ്യപ്രദേശില്‍ ആ വിശ്വാസം ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടമായെങ്കില്‍ അത് നല്‍കുന്നത് അപകടകരമായ സന്ദേശമാണ്. ഇനി ഒരു നിമിഷം മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ കമല്‍നാഥിന് അര്‍ഹതയില്ല. ഭരിക്കാന്‍ കോണ്‍ഗ്രസ്സിനും അവകാശമില്ല.

സ്വന്തം സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പോലും പേര് മാറ്റി ജീവിക്കേണ്ടി വരുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയായി എന്തിനാണ് കമല്‍നാഥ് ഇരിക്കുന്നത് ? എന്ത് സുരക്ഷയാണ് കോണ്‍ഗ്രസ്സ് ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നത് ? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി കോണ്‍ഗ്രസ്സ് നേതൃത്വം തന്നെ നല്‍കണം. പേരു മാറ്റാതെ മുസ്ലീമായി തന്നെ ജീവിക്കാന്‍ പിറന്ന മണ്ണില്‍ നിയാസ് ഖാന് അവകാശമുണ്ട്. അത് ആരുടെയും ഔദാര്യമല്ല. അവകാശം തന്നെയാണ്.

പേര് മാറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നിയാസ് ഖാന്‍ വര്‍ഷങ്ങള്‍ പിന്നിലേക്ക് ഒന്നു തിരിഞ്ഞ് നോക്കണം. ഗുജറാത്തില്‍ ചോര ചിതറിയ കലാപ നാളുകളില്‍ ജീവനും മരണത്തിനും ഇടയില്‍ കൈകൂപ്പി നിന്ന ഒരു ചെറുപ്പക്കാരന്റെ മുഖം നിങ്ങള്‍ മറന്നുപോയോ ? കുത്തുബുദ്ദീന്‍ അന്‍സാരി എന്ന ആ ചെറുപ്പക്കാരന് അന്ന് അഭയം നല്‍കിയത് പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാറായിരുന്നു. മുഖ്യമന്ത്രി ജ്യോതി ബസുവായിരുന്നു. ചെങ്കൊടി തണലില്‍ തനിക്ക് ലഭിച്ച സുരക്ഷിതത്വം എത്ര വലുതായിരുന്നു എന്ന് ഇന്നും കുത്തുബുദ്ദീന്‍ അന്‍സാരി തുറന്നു പറയുന്നുണ്ട്.

വര്‍ഗ്ഗീയതക്കെതിരായ പോരാട്ടത്തിലാണ് ചെങ്കൊടി കൂടുതല്‍ ചുവന്നത്. അതുകൊണ്ടു തന്നെയാണ് അന്‍സാരിയെ പോലെയുള്ള അനവധി പേരുടെ ഹൃദയത്തില്‍ ഇപ്പോഴും ഈ ചുവപ്പ് മായാതെ നില്‍ക്കുന്നത്. അത് കാണാതെ പോയത് കേരളത്തിലെ ഒരു വിഭാഗം മുസ്ലീമുകളാണ്. അവര്‍ക്കിപ്പോഴും പച്ച പതാക സുരക്ഷിതം നല്‍കുമെന്ന വിശ്വാസമാണുള്ളത്. പൊട്ടക്കിണറ്റില്‍ വീണ തവളകളുടെ അവസ്ഥയാണത്.

കോണ്‍ഗ്രസ്സിനെയും മുസ്ലീം ലീഗിനെയും രക്ഷകരായി കണ്ടവര്‍ക്കുള്ള ഒന്നാന്തരം ഒരു പ്രഹരമാണ് മധ്യപ്രദേശിലെ സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പോലും പേര് മാറ്റി ജീവിക്കേണ്ടി വരുന്ന സുരക്ഷിതത്വമാണ് കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഈ സംസ്ഥാനത്ത് നിലവിലുള്ളത്. ഇവരാണോ ന്യൂനപക്ഷ സംരക്ഷകര്‍ ? കേരളത്തിലെ യു.ഡി.എഫ് നേതൃത്വവും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അടിച്ചമര്‍ത്താന്‍ കഴിയാത്തവര്‍ക്ക് ഭരിക്കാനും അവകാശമില്ല. മത ന്യൂനപക്ഷങ്ങള്‍ക്ക് മനസമാധാനത്തോടെ ജീവിക്കാനുള്ള അവസ്ഥ എങ്ങനെ നഷ്ടപ്പെട്ടു എന്ന കാര്യം ന്യൂനപക്ഷ വിഭാഗങ്ങളും ഇനി ചിന്തിക്കണം.

ലോക്സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ഉള്‍പ്പെടെ തൂത്ത് വരാന്‍ ബി.ജെ.പിയെ സഹായിച്ചത് തന്നെ കോണ്‍ഗ്രസ്സാണ്. മതേതര സഖ്യത്തിന് ആ പാര്‍ട്ടിയുടെ നേതൃത്വം തയ്യാറായില്ല. യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കാര്യക്ഷമമായ ഒരു പ്രവര്‍ത്തനം പോലും നടത്താതെ തമ്മിലടിക്കുകയായിരുന്നു കോണ്‍ഗ്രസ്സ്.

മധ്യപ്രദേശിലും രാജസ്ഥാനിലും അധികാര തര്‍ക്കങ്ങളും കോണ്‍ഗ്രസ്സിന്റെ പരാജയത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും സീറ്റുകള്‍ വീതം വച്ചപ്പോള്‍ ജനങ്ങള്‍ക്ക് ഇഷ്ടകേടാകുമെന്ന് നേതാക്കള്‍ ഓര്‍ത്തില്ല. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് സ്വന്തം മകന്റെ വിജയം മാത്രമായിരുന്നു മുഖ്യം. തമ്മില്‍ തല്ലും പാരവയ്പും ജനവിരുദ്ധ നയങ്ങളും കോണ്‍ഗ്രസ്സിന്റെ അടിത്തറയാണ് ഇളക്കിയിരിക്കുന്നത്. ഇതെല്ലാം കേന്ദ്രത്തില്‍ വീണ്ടും മോദിയുടെ ഭരണ തുടര്‍ച്ചക്ക് വഴി ഒരുക്കിയ പ്രധാന ഘടകങ്ങളാണ്.

സ്വന്തം പാര്‍ട്ടി നേതാക്കള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല എന്ന വിമര്‍ശനം ഉന്നയിച്ചത് തന്നെ രാഹുല്‍ ഗാന്ധിയാണ്. പ്രിയങ്ക ഗാന്ധിയാവട്ടെ പൊട്ടിതെറിക്കുക തന്നെ ചെയ്തു. നേതാക്കളോടുള്ള ശക്തമായ പ്രതിഷേധമാണ് ഇപ്പാള്‍ രാജിയിലൂടെ രാഹുല്‍ ഗാന്ധി തന്നെ നല്‍കിയിരിക്കുന്നത്. രാജിവച്ച് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ തന്നെ ഒളിച്ചോടുമ്പോള്‍ മധ്യപ്രദേശിലെ പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇങ്ങനെ ചിന്തിച്ചതില്‍ അത്ഭുതമില്ല.

മധ്യപ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരില്‍ രാഹുല്‍ ഗാന്ധിക്ക് പോലും നിലവില്‍ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. കര്‍ണ്ണാടകയിലും സ്ഥിതി വ്യത്യസ്തമല്ല കോണ്‍ഗ്രസ്സിലെ തമ്മിലടിയില്‍ ഇവിടെയും ഏത് നിമിഷവും സര്‍ക്കാര്‍ നിലംപൊത്തും. ഈ തമ്മിലടി തന്നെയായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയും തൂത്തുവാരാന്‍ ബി.ജെ.പിക്ക് സഹായകരമായിരുന്നത്. ഇവിടെയും ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ആശങ്കകളുടെ നാളുകളാണ് ഇനി വരാനിരിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണ പതാകക്ക് കാവിയെ പിടിച്ച് കെട്ടാനുള്ള ശേഷി നഷ്ടപ്പെടുത്തുന്നത് ആ പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. അബ്ദുള്ളക്കുട്ടിമാര്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തും. പറ്റിയ തെറ്റ് തിരുത്താന്‍ വൈകിയെങ്കിലും ന്യൂനപക്ഷങ്ങള്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ അവശേഷിക്കുന്ന തുരുത്തും നിങ്ങള്‍ക്ക് നഷ്ടമാകും.

Express View

Top