UDF Must be success says antony

തിരുവനന്തപുരം: മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന രീതിക്ക് അവസാനം കുറിച്ച് കേരളം ഈ തിരഞ്ഞെടുപ്പില്‍ പുതിയ ചരിത്രമെഴുതുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി . യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണെന്നും ഭരണത്തുടര്‍ച്ച ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ജഗതി സ്‌കൂളില്‍ കുടുംബത്തോടും ചടയമംഗലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം.ഹസനുമൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വര്‍ഷം ഒരു മുന്നണി അടുത്ത അഞ്ചു വര്‍ഷം മറ്റൊരു മുന്നണി എന്നതായിരുന്നു ഇതുവരെയുള്ള കേരളത്തിലെ രീതി. എന്നാല്‍, ഇത്തവണ അത് തിരുത്തിയെഴുതും. അടുത്ത അഞ്ച് വര്‍ഷം കൂടി ഇടതുമുന്നണി പ്രതിപക്ഷത്ത് തന്നെ ഇരിക്കും. ബി.ജെ.പി ഈ തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കില്ലെന്നും ആന്റണി പറഞ്ഞു.

സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും ബി.ജെ.പിയുടെ വര്‍ഗീയതയ്ക്കും എതിരെ ആയിരിക്കും ജനം തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്. സമാധാനവും മതമൈത്രിയും നിലനിറുത്താനുള്ള പോരാട്ടം കൂടിയാണ് ഈ തിരഞ്ഞെടുപ്പെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Top