സര്‍ക്കാരിനെതിരായ സമരപരിപാടി; യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. എഐ ക്യാമറയിലെ അഴിമതി ആരോപണത്തില്‍ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചേക്കും. കെട്ടിട നികുതിയും പെര്‍മിറ്റ് ഫീസും വര്‍ധിപ്പിച്ചതിനെതിരെ കഴിഞ്ഞ ദിവസം തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സമരം നടത്തിയിരുന്നു. തുടര്‍സമരങ്ങളും ഇന്ന് ചേരുന്ന യുഡിഎഫ് യോഗം തീരുമാനിക്കും. ക്രൈസ്തവ സഭകളുമായി ബിജെപി രാഷ്ട്രീയമായി അടുപ്പംകൂടുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ ഉള്‍പ്പടെ സജീവമാക്കാനും യോഗം തീരുമാനമെടുത്തേക്കും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും യോഗത്തിന്റെ പ്രധാന അജണ്ടയാണ്.

രണ്ടു ദിവസത്തെ പ്രധാനമന്ത്രി മോദിയുടെ കേരളസന്ദ‍ർശനം വളരെയേറെ ചർച്ചയായിരുന്നു. കൊച്ചിയിലെത്തിയ മോദി ക്രൈസ്തവ സഭകളുമായി ചർച്ച നടത്തിയിരുന്നു. ബിഷപ്പുമാരുടെ ബിജെപി അനുകൂല പ്രസ്താവന യുഡിഎഫിനെ രാഷ്ട്രീയമായി ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു എന്നത് രാജ്യത്തെ യാഥാർത്ഥ്യമാണ്. ഹിന്ദുവിന്റെ അട്ടിപ്പേർ അവകാശം ആർഎസ്എസ് ഏറ്റെടുക്കേണ്ടെന്നും പ്രത്യേകിച്ച് കേരളത്തിലെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. തലശ്ശേരിയിൽ ബിഷപ്പുമായും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചർച്ച നടത്തിയിരുന്നു. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് പിറകെയായിരുന്നു സുധാകരന്റെ കൂടിക്കാഴ്ച്ച.

Top