ഉപതെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാനായി യുഡിഎഫ് ഇന്ന് യോഗം ചേരും

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാനായി യുഡിഎഫ് ഇന്ന് വൈകീട്ട് യോഗം ചേരും. കോട്ടകള്‍ നഷ്ടമായ സ്ഥിതിയിലാണ് കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും യുഡിഎഫ് യോഗത്തിനെത്തുന്നത്. പാലാ ഫലം വന്നശേഷം മുന്നണി യോഗം ചേര്‍ന്നിരുന്നില്ല. ജോസഫ്-ജോസ് തമ്മിലടിയില്‍ പാലാ നഷ്ടമാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

സിറ്റിംഗ് സീറ്റുകളായ വട്ടിയൂര്‍കാവും കോന്നിയും നഷ്ടപ്പെടുത്തിയെന്ന് മാത്രമല്ല, പരസ്യവിമര്‍ശനം പാടില്ലെന്ന വിലക്ക് ലംഘിച്ച് നേതാക്കള്‍ പോരു തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ ഘടകകക്ഷികള്‍ ശക്തമായ വിമര്‍ശനം ഉന്നയിക്കുമെന്നുറപ്പാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച ജയം നല്‍കിയ ആത്മവിശ്വാസം കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസ്സിലെയും തമ്മിലടി മൂലം കളഞ്ഞുകുളിച്ചെന്നാണ് ലീഗിന്റെ അഭിപ്രായം. ആര്‍എസ്എപിയും അതൃപ്തരാണ്. പരസ്പര വിമര്‍ശനം ഉയരുമെങ്കിലും നിയമസഭാ സമ്മേളനം കൂടി നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനെതിരായ കൂടുതല്‍ സമരപരിപാടികള്‍ക്കും യോഗം രൂപം നല്‍കാനിടയുണ്ട്.

അതേസമയം പറഞ്ഞ സമയത്ത് പുനസംഘടന നടത്തിയിരുന്നെങ്കില്‍ പ്രചാരത്തിലെ പാളിച്ചകള്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. സഹായത്തിന് ആളില്ലാതെ ഇനി മുന്നോട്ടുപോകാനാകില്ല. ഒരാള്‍ക്ക് ഒരു പദവി നിര്‍ബന്ധമാക്കിയേക്കും. വി.ഡി സതീശന്‍, അടൂര്‍ പ്രകാശ്, വി.എസ് ശിവകുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തേണ്ടതിനാല്‍ െഎ ഗ്രൂപ്പ് ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ജനപ്രതിനിധികളെ പാര്‍ട്ടി ഭാരവാഹികളാക്കിയാല്‍ ഇനി എതിര്‍പ്പ് ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

ചേരിതിരിവിന് കാരണമാകുമെന്നതിനാല്‍ യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയും തിരഞ്ഞെടുപ്പില്ലാതെ നടത്തും. ഷാഫി പറമ്പിലിനെ പ്രസിഡന്റായും കെ.എസ് ശബരിനാഥനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തേക്കും.

Top