നിലപാടുകൾ തിരിഞ്ഞ് കുത്തുമ്പോൾ വെട്ടിലാകുന്നത് യു.ഡി.എഫ് നേതൃത്വം !

മാഅത്തെ ഇസ്ലാമിയുടെ യു.ഡി.എഫ് ധാരണയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുസ്ലീം ലീഗിന് സ്വന്തം എം.എല്‍.എയുടെ ലേഖനം തന്നെ തിരിച്ചടിയാവുന്നു. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദ പ്രസ്ഥാനമാണെന്നും അവരുടെ തീവ്രചിന്താഗതിയെ വിശ്വാസികള്‍ എതിര്‍ക്കണമെന്നും ആവശ്യപ്പെട്ട് കെ എം ഷാജി എം.എല്‍.എ എഴുതിയ ലേഖനമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ലീഗ് അനുകൂല സമസ്തയുടെ പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി ഈ ലേഖനം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് യു.ഡി.എഫിന് നഷ്ടം മാത്രമേ ഉണ്ടാക്കൂ എന്നതാണ് സമസ്തയുടെ നിലപാട്. അണിയറയിലെ ധാരണക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമസ്തയിലും ഉയര്‍ന്നിരിക്കുന്നത്.

കൈരളി ചാനലിലെ ചര്‍ച്ചയില്‍ ഇക്കാര്യം സമസ്ത നേതാവ് ഓണപ്പള്ളി മുഹമ്മദ് ഫൈസി തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇതിനിടെ ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യ കാര്യത്തില്‍ ഒളിച്ചു കളി നടത്തുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നാട്ടില്‍ നിന്നു തന്നെ ഇപ്പോള്‍ സഖ്യ വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി അഴിയൂര്‍ പഞ്ചായത്തിലാണ് ആദ്യ ധാരണയുണ്ടാക്കിയിരിക്കുന്നത്. ഇവിടെ ആകെയുള്ള 17 വാര്‍ഡുകളില്‍ ഒരു സീറ്റാണ് വെല്‍ഫയര്‍ പാര്‍ട്ടിയ്ക്കായി മാറ്റി വച്ചിരിക്കുന്നത്. ഏഴു സീറ്റുകളില്‍ വീതം മുസ്ലീം ലീഗും കോണ്‍ഗ്രസ്സുമാണ് മത്സരിക്കുന്നത്. ബാക്കി രണ്ട് സീറ്റുകളില്‍ ആര്‍.എം.പിയാണ് മത്സരിക്കുന്നത്. തങ്ങള്‍ മത്സരിക്കാത്ത 16 വാര്‍ഡുകളിലും യു.ഡി.എഫ് – ആര്‍.എം.പി സ്ഥാനാര്‍ത്ഥികളെയാണ് വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണയ്ക്കുന്നത്.

കോണ്‍ഗ്രസ്സ് അഴിയൂര്‍ മണ്ഡലം പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു സമാനമായ ധാരണകളാണ് സംസ്ഥാനത്ത് വ്യാപകമായി നിലവില്‍ രൂപപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് നേതൃത്വത്തെ തിരുത്താന്‍ കെ.എം. ഷാജിയുടെ ലേഖനം തന്നെ യു.ഡി.എഫ് അനുകൂലികള്‍ ഇപ്പോള്‍ പ്രചരണമാക്കിയിരിക്കുന്നത്. ‘ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കലാണ് മുസ്ലീമിന്റെ ബാധ്യയെന്നും ഇസ്ലാമിക ഭരണം വരാത്തിടത്തോളം കാലം ഇന്ത്യയെ ശത്രുരാജ്യമായല്ലാതെ കാണാനാവില്ലെന്നും വാദിച്ച’ ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ ആ വാദങ്ങള്‍ മറച്ചുപിടിക്കുന്നത് കാപട്യമാണെന്നാണ് 2010 ജൂണ്‍ ആറിന് മാതൃഭൂമി ആഴ്ചപതിപ്പില്‍ എഴുതിയ ലേഖനത്തില്‍ കെ.എം ഷാജി തുറന്നടിച്ചിരിക്കുന്നത്.

കേരളത്തിലെ മുസ്ലീങ്ങളെ ശിഥിലീകരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നാണ് അദ്ദേഹം ലേഖനത്തിലൂടെ ആരോപിച്ചിരിക്കുന്നത്. മുസ്ലീം യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ കെ.എം ഷാജി എഴുതിയ ഈ ലേഖനമാണിപ്പോള്‍ തിരിഞ്ഞ് കുത്തുന്നത്. 1947ല്‍ രാജ്യം സ്വതന്ത്രമാകുമ്പോള്‍ മുസ്ലീങ്ങള്‍ക്കായി ഒരു രാഷ്ട്രം തന്നെ രുപീകരിച്ച് ജിന്നയ്‌ക്കൊപ്പം ഇന്ത്യ വിട്ടവരില്‍ മൗദൂദിയും ഉണ്ടായിരുന്നുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘ ഇന്ത്യന്‍ ജനാധിപത്യത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാതെ പിശാചിന്റെ ഭരണമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും അതിനാല്‍ ഇസ്ലാമിക ഭരണം വരാത്ത കാലത്തോളം ഈ രാജ്യത്തെ ശത്രു രാജ്യം ആയിട്ടല്ലാതെ കാണാനാവില്ലെന്നതുമാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ വാദമെന്നും ലേഖനത്തില്‍ ലീഗ് എം.എല്‍.എ എടുത്ത് പറഞ്ഞിട്ടുണ്ട്.

ഇസ്ലാമിക രാഷ്ട്രം സ്ഥാപിതമാകാനുള്ള ശ്രമങ്ങളില്‍ നിരന്തരം പങ്കെടുക്കുക എന്നതാണ് ഒരു മുസ്ലീമിന്റെ ബാധ്യത എന്നാണ് അവര്‍ ആണയിട്ട് പറഞ്ഞു നടന്നതെന്നും ലേഖനം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഹിന്ദുക്കള്‍ക്കൊപ്പം നിന്ന് സമരം ചെയ്യാന്‍ പാടില്ലെന്നു പറഞ്ഞ ജമാഅത്തെ ഇസ്ലാമി സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദി ഉയര്‍ത്തിവിട്ട മതരാഷ്ട്ര വാദമെന്ന അപകടത്തെ ഇന്ത്യയിലെ മുസ്ലീം നേതാക്കള്‍ സൈദ്ധാന്തികമായി എതിര്‍ത്ത കാര്യവും കെ.എം ഷാജി ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി അതിന്റെ ഭരണഘടനയിലോ സാഹിത്യത്തിലോ മാറ്റം വരുത്തിയോ എന്ന ചോദ്യവും അദ്ദേഹം ലേഖനത്തിലൂടെ ഉയര്‍ത്തിയിട്ടുണ്ട്.

കേരളത്തില്‍ ഉയര്‍ന്നുവന്ന തീവ്രവാദ പ്രസ്ഥാനങ്ങളോടൊപ്പം സാന്നിധ്യവും സ്വാധീനവും അടയാളപ്പെടുത്താന്‍ ജമാഅത്തെ ഇസ്ലാമിയും ഉണ്ടായിരുന്നതായും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ ആനും പ്രവാചകചര്യകളും വക്രീകരിച്ചാണ് ജമാഅത്തെ ഇസ്ലാമി അവരുടെ തീവ്ര ആശയത്തിന് താത്വിക പിന്‍ബലം നല്‍കുന്നതെന്നാണ് കെ.എം ഷാജി ആരോപിക്കുന്നത്. ഇത്തരം തീവ്രചിന്താഗതികളെ മുസ്ലീം മുഖ്യധാരാ സമൂഹം പ്രതിരോധിക്കണമെന്നും ലേഖനത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎസ്എസ് പിരിച്ചുവിടുന്നതിനെതിരെ ജമാഅത്തെ ഇടപെട്ടതും ഈ ലേഖനത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട മൂന്നു തീവ്രവാദികള്‍ കാശ്മീരിലെ കുപ്വാരയില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവവും തടിയന്റവിടെ നസീര്‍ അറസ്റ്റിലായതും ഭീകരതയെകുറിച്ച് ചര്‍ച്ചകള്‍ സജീവമാക്കിയതായും ലേഖനത്തില്‍ പറയുന്നുണ്ട്. തീവ്രവാദത്തില്‍ അകപ്പെട്ടവരുടെ ചിന്താധാരകളുടെ രണോത്സുക പ്രത്യയശാസ്ത്ര പരിസരം രൂപപ്പെട്ടത് മൗദൂദിയുടെ പുസ്തകങ്ങളിലൂടെയാണെന്ന് തെളിയിക്കപ്പെട്ടതായും കെ.എം ഷാജി തുറന്നു പറയുന്നുണ്ട്. ജമാ അത്തിന്റെ താത്വിക ജിഹ്വയായ പ്രബോധനത്തില്‍ കാശ്മീരിലെ വിഘടന ഭീകര സംഘടനയെ ഏകോപിപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് എഴുതിയതും ഷാജി ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

ജമ്മു താഴ്‌വരയിലെ ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണെന്നാണ് മറ്റൊരു ആരോപണം. ഇതിനു പുറമെ അല്ലാഹ് ടൈഗേഴ്‌സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം നല്‍കിയിട്ടുണ്ടെന്നും ലീഗ് എം.എല്‍.എ ആരോപിച്ചിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് സുപ്രധാനമാണെന്നും ലേഖനത്തില്‍ കെ.എം ഷാജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മതനിരപേക്ഷത, ജനാധിപത്യം, ദേശീയത്വം മുതലായ രാഷ്ട്രീയ പരികല്‍പനകള്‍ തീര്‍ത്തും അനിസ്ലാമികവും ഹറാമുമാണെന്ന വിചിത്ര കാഴ്ചപാടുകളാണ് മൗദൂദിയുടെത്.

ഇന്ത്യന്‍ ഭരണ സംവിധാനം മതനിരപേക്ഷമാണെന്നതിനാല്‍ അവര്‍ക്കത് ദൈവേതരവും വര്‍ജ്യവുമാണ്. ജമാ അത്തെ ഇസ്ലാമിയുടെ ഈ അടിസ്ഥാന കാഴ്ചപാടില്‍ നിന്ന് അവര്‍ മാറിയോയെന്ന കാര്യം പോലും പരിശോധിക്കാതെയാണ് ലീഗും കോണ്‍ഗ്രസ്സും ഇപ്പോള്‍ തിരഞ്ഞെടുപ്പ് ധാരണക്കൊരുങ്ങിയിരിക്കുന്നത്. ചുരുങ്ങിയ പക്ഷം ലീഗ് എം.എല്‍.എയെ എങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ ‘മഹിമ’ ബോധ്യപ്പെടുത്തണമെന്നാണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്. പൗരത്വ സമരങ്ങളുടെ അവിഭാജ്യ ഘടകമായി മുന്‍പ് ജമാഅത്തെ ഇസ്ലാമിയെ കൊണ്ടു നടന്നതും മുസ്ലീം ലീഗാണ്.

ഇടതുപക്ഷം കേന്ദ്ര സര്‍ക്കാറിനെതിരെ തീര്‍ത്ത പ്രതിഷേധത്തില്‍ വിളറി പിടിച്ചായിരുന്നു ഈ സഹകരണവും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഏറ്റവും അധികം ജനങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭം സംഘടിപ്പിച്ചത് ഇടതുപക്ഷമാണ്. കേരളത്തില്‍ നടന്ന മനുഷ്യശൃംഖലയില്‍ 80 ലക്ഷത്തോളം പേരാണ് പങ്കെടുത്തിരുന്നത്. ഇതെല്ലാം വോട്ടാകുമെന്ന് ഭയന്നാണ് ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.യെയും കൂട്ടുപിടിക്കാന്‍ ലീഗ് തന്നെ ഇപ്പോള്‍ മുന്‍കൈ എടുത്തിരിക്കുന്നത്.

Top