UDF Leaders fear about Jacob Thomas’s action

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ശക്തമായ അധികാര കേന്ദ്രമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മാറുന്നു.

മുന്‍പ് എകെ ആന്റണി മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയായി കെ ജെ ജോസഫും പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ കേരളത്തിലെ പൊലീസിന് ലഭിച്ചിരുന്ന ‘സൂപ്പര്‍ പവര്‍’ ആണ് ഇപ്പോള്‍ പിണറായിയുടെ ഭരണത്തില്‍ വിജിലന്‍സ് വിഭാഗത്തിന് ലഭിച്ചിരിക്കുന്നത്.

ഒരു വ്യത്യാസം മാത്രമാണ് ഇക്കാര്യത്തിലുള്ളത്. അത് ആന്റണിയുടെ ഭരണകാലത്ത് ലോക്കല്‍ പൊലീസാണ് വിശ്വരൂപം കാട്ടിയിരുന്നതെങ്കില്‍ പിണറായിയുടെ ഭരണകാലത്ത് അതിന് അവസരം ലഭിച്ചിരിക്കുന്നത് വിജിലന്‍സ് വിഭാഗത്തിനാണ് എന്നതാണ്.

സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും മുഖ്യമന്ത്രിയുടെ ഓഫീസിലും പൊലീസ് സ്റ്റേഷനിലും ‘അനധികൃത’ പ്രവേശനം നിഷേധിച്ച ആന്റണി പട്ടാളം ജോസഫ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കര്‍ക്കശക്കാരനായ ഡിജിപി ജോസഫിന് പൂര്‍ണ്ണസ്വാതന്ത്യം നല്‍കുകയായിരുന്നു.

ഈ അവസരം മുന്‍നിര്‍ത്തിയാണ് അന്ന് കലാപകേന്ദ്രമായ കണ്ണൂരിലെ സംഘര്‍ഷം എസ്പിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അടിച്ചൊതുക്കിയിരുന്നത്.

അന്ന് മനോജ് എബ്രഹാം കണ്ണൂരില്‍ നടപ്പാക്കിയ പൊലീസിങ് അതിനുശേഷം ഇന്നുവരെ നടപ്പാക്കാന്‍ ഒരു ഐപിഎസുകാരനും കഴിഞ്ഞിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഇപ്പോള്‍ പിണറായി വിജയനും ആന്റണിക്ക് സമാനമായ നിലപാടാണ് പൊലീസ്-വിജിലന്‍സ് ഭരണത്തില്‍ സ്വീകരിക്കുന്നത്.

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കുമെന്ന് പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷ നേതക്കള്‍ പോലും സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയേക്കാള്‍ സീനിയറായ ജേക്കബ് തോമസിനെ പൊലീസ് മേധാവിയാക്കാന്‍ തന്നെയായിരുന്നു പിണറായിയുടെ നീക്കം. എന്നാല്‍ പിന്നീട് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പാര്‍ട്ടി സെക്രട്ടറിയുടെ അഭ്യര്‍ത്ഥന മാനിച്ച് നിലപാട് മാറ്റുകയായിരുന്നുവത്രെ.

ആരുടെ മുന്നിലും മുട്ടുമടക്കാതെ ഒരു നിയമനത്തിന് വേണ്ടിയും ആരുടെ കാലും പിടിക്കാന്‍ തയ്യാറാവാത്ത ജേക്കബ് തോമസിനെ തേടിയെത്തിയത് അദ്ദേഹം അര്‍ഹിച്ച പദവി തന്നെയാണ്.

അതുകൊണ്ട് തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് മുന്നില്‍ റെഡ് സിഗ്നലുകളുമില്ല.

കെഎം മാണി, കെ ബാബു, അടൂര്‍ പ്രകാശ്, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വരെ യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന ഉന്നതരെല്ലാം ഉറക്കം നഷ്ടപ്പെട്ട് പകച്ച് നില്‍ക്കുന്ന കാഴ്ചയാണിപ്പോള്‍. കീഴുദ്യോഗസ്ഥര്‍ക്ക് പോലും വിജിലന്‍സ് ഡയറക്ടറെ പേടിച്ച് മുന്‍ ‘യജമാനന്മാരെ’ സഹായിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍.

ഏത് യൂണിറ്റിലും ഏത് അന്വേഷണത്തിലും എപ്പോള്‍ വേണമെങ്കിലും ഡയറക്ടര്‍ നേരിട്ട് ഇടപെടുന്ന സാഹചര്യമുണ്ടാകുമെന്നതാണ് ഇവരുടെ ചങ്കിടിപ്പിക്കുന്നത്.

വിജിലന്‍സിലെ സ്ഥലമാറ്റങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ശക്തമായി മുന്നോട്ട് പോവാനാണ് ഡയറക്ടറുടെ തീരുമാനം.

അഴിമതിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ നയമാണ് താന്‍ നടപ്പാക്കുന്നതെന്ന് പറയുക വഴി രാഷ്ട്രീയ ഇടപെടലുകള്‍ വിലപ്പോവില്ലെന്ന വ്യക്തമായ സന്ദേശമാണ് ജേക്കബ് തോമസ് പ്രതിപക്ഷത്തിന് നല്‍കിയിരിക്കുന്നത്.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വിജിലന്‍സിനെതിരെ നിലപാടെടുക്കാത്തതും ചില ‘യാഥാര്‍ത്ഥ്യങ്ങള്‍’ അറിയുന്നത് കൊണ്ടാണെന്നാണ് സൂചന.

ഇത് കോണ്‍ഗ്രസ്സിലെ എ-ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

ജേക്കബ് തോമസിനെതിരെ പ്രതികരിച്ച കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്റെ നടപടി കോണ്‍ഗ്രസ്സിന്റെ അഭിപ്രായമല്ലെന്നാണ് സുധീരന്റെ നിലപാട്.

വരും ദിവസങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ വിജിലന്‍സിന്റെ കുരുക്കില്‍ പെടുമെന്ന ഭീതിയിലാണ് ഗ്രൂപ്പ് നേതാക്കള്‍.

ജേക്കബ് തോമസല്ല മറിച്ച് വേറെ ഏത് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടറായിരുന്നാലും ഇത്തരമൊരു സാഹചര്യമുണ്ടാവില്ലായിരുന്നുവെന്നാണ് എ-ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ കരുതുന്നത്.

സര്‍വ്വീസില്‍ നിന്ന് വരെ പുറത്താക്കി ജേക്കബ് തോമസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലെ സംസാരം.

കേവലമൊരു പകപോക്കലായി വിജിലന്‍സിന്റെ ഇപ്പോഴത്തെ നടപടിയെ കാണാന്‍ പറ്റില്ലെന്ന് കെപിസിസി പ്രസിഡന്റിന്റെ നിലപാടില്‍ നിന്ന് തന്നെ വ്യക്തമാണ്.

ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ഒറ്റയാനാണ് എന്നതും യുഡിഎഫിന് വേണ്ടപ്പെട്ട ഐപിഎസുകാരുടെയടക്കം മറ്റാരുടെയും ‘സൗഹൃദം’ ജേക്കബ് തോമസിനില്ലാത്തതും, ശുപാര്‍ശയുമായി ചെന്നാല്‍ വിവരമറിയുമെന്നതും വരുന്നത് അനുഭവിക്കാം എന്ന അവസ്ഥയിലേക്ക് നേതാക്കളേയും മാറ്റിയിട്ടുണ്ട്.

ഇപ്പോഴത്തെ നടപടി ‘ടെസ്റ്റ് ഡോസ്’ മാത്രമാണെന്നും വലുത് പിന്നാലെ വരുന്നുണ്ടെന്നുമുള്ള വിവരങ്ങളും യുഡിഎഫ് ക്യാംപിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്.

സുപ്രീംകോടതിയില്‍ നിന്ന് സീനിയര്‍ അഭിഭാഷകരെ ഇറക്കി വിജിലന്‍സ് അന്വേഷണത്തില്‍ ‘ഇടപെടാന്‍’ പറ്റുമോയെന്ന കാര്യവും പരിഗണനയിലാണ്.

ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സിനേക്കാള്‍ ഭേദം ബിജെപി ഭരണത്തിന്‍ കീഴിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണെന്ന ഉപദേശവും ചില നേതാക്കള്‍ ഇപ്പോള്‍ പരിഗണിക്കുന്നുണ്ടത്രെ.

Top