യു.ഡി.എഫ് കുത്തക മണ്ഡലങ്ങൾ വീഴ്ത്താൻ വരുന്നു പുതിയ ‘വില്ലൻ’ ?

യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായി വിലയിരുത്തപ്പെടുന്ന നിയമസഭ മണ്ഡലമാണ് എറണാകുളം. വ്യാവസായിക തലസ്ഥാനത്തെ ഈ മണ്ഡലത്തില്‍ പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ യു.ഡി.എഫിന് അത്ര അനുകൂലമല്ല. ഹൈബി ഈഡന്‍ 21,949 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ടി.ജെ. വിനോദ് ജയിച്ചത് 3,750 വോട്ടിന്റെ ഭൂരിപക്ഷത്തിന് മാത്രമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ 31,178 വോട്ടുകള്‍ ഹൈബി ഈ മണ്ഡലത്തില്‍ നിന്നു മാത്രം നേടിയിരുന്നു എന്നതും നാം ഓര്‍ക്കണം. ഇത്തവണയും ടി.ജെ വിനോദ് തന്നെയായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

കോണ്‍ഗ്രസ്സ് ‘ഐ’ വിഭാഗക്കാരനായ വിനോദിനെ, ‘എ’ വിഭാഗം കാല് വാരുമോ എന്ന ആശങ്കയും ശക്തമാണ്. ഇടതുപക്ഷം ഇത്തവണ ആരെയാകും സ്ഥാനാര്‍ത്ഥിയാക്കുക എന്നതും യു.ഡി.എഫിനെ സംബന്ധിച്ച് നിര്‍ണ്ണായകമാകും. കോണ്‍ഗ്രസ്സില്‍ നിന്നും ഇടഞ്ഞ് നില്‍ക്കുന്ന കെ.വി തോമസിനെ ഇടതുപക്ഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചാല്‍ അത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ പ്രഹരമാകും. കെ.വി തോമസ് മത്സരിക്കാതെ പിന്തുണമാത്രം നല്‍കിയാലും യു.ഡി.എഫിന് വന്‍ വെല്ലുവിളി തന്നെയാണ്. കാരണം, എറണാകുളത്തെ പ്രധാന വോട്ട് ബാങ്കായ ലാറ്റിന്‍ കാത്തലിക്ക് വിഭാഗത്തില്‍ വലിയ സ്വാധീനമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ട് തന്നെ കെ.വി തോമസ് രംഗത്തിറങ്ങിയാല്‍ എറണാകുളത്ത് അട്ടിമറിക്ക് സാധ്യതയുണ്ട്.

 

കൊച്ചി മണ്ഡലം നിലനിര്‍ത്താനും ഇതോടെ ഇടതുപക്ഷത്തിന് നിഷ്പ്രയാസം കഴിയും. സമീപ മണ്ഡലങ്ങളിലും ക്രൈസ്തവ വിഭാഗത്തിന്റെ വോട്ടുകള്‍ അനുകൂലമാകാനും സാധ്യതയുണ്ട്. കെ.വി തോമസ് നിലപാട് പ്രഖ്യാപിച്ച ശേഷം ഉചിതമായ തീരുമാനം കൈകൊള്ളാനാണ് സി.പി.എമ്മിന്റെ തീരുമാനം. ഇക്കാര്യം സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ട്വന്റി ട്വന്റി, വി. ഫോര്‍ കൊച്ചി എന്നീ അരാഷ്ട്രീയ സംഘടനകള്‍ മത്സര രംഗത്തിറങ്ങുന്നതും പ്രത്യക്ഷത്തില്‍ ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക. ഈ വിഭാഗങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ളത് യു.ഡി.എഫ് വോട്ടുകളാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ ഇക്കാര്യം വ്യക്തമായതുമാണ്. ഏത് വിഭാഗം മത്സരിച്ചാലും തങ്ങളുടെ കേഡര്‍ വോട്ടുകള്‍ നഷ്ടപ്പെടില്ലന്ന ഉറച്ച വിശ്വാസമാണ് സി.പി.എമ്മിനുള്ളത്.

അതേസമയം, കളമശ്ശേരിയില്‍ സിറ്റിംഗ് എം.എല്‍.എ ഇബ്രാഹിം കുഞ്ഞിന്റെ മകനെ നിര്‍ത്താനുള്ള നീക്കം ലീഗില്‍ വലിയ ഭിന്നതക്ക് കാരണമായിട്ടുണ്ട്. അത്തരം സമീപനം ഉണ്ടായാല്‍ റിബലിനെ നിര്‍ത്താനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം. പാലാരിവട്ടം പാലം അഴിമതിയുടെ പശ്ചാത്തലത്തില്‍ കളമശ്ശേരി മണ്ഡലം ഇത്തവണ പിടിച്ചെടുക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷവും മുന്നോട്ട് പോകുന്നത്. 2011ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ യുഡിഎഫും മൂന്നിടങ്ങളില്‍ ഇടതുപക്ഷവുമാണ് വിജയിച്ചിരുന്നത്. 2016-ല്‍ ഈ സമവാക്യം 9-5 എന്ന നിലയിലേക്ക് മാറുകയുണ്ടായി.

 

 

കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, വൈപ്പിന്‍ മണ്ഡലങ്ങളിലാണ് ഇടതുപക്ഷം വിജയിച്ചിരുന്നത്. ആലുവ, കളമശ്ശേരി, പറവൂര്‍, എറണാകുളം, കുന്നത്തുനാട്, പിറവം, പെരുമ്പാവൂര്‍, അങ്കമാലി, തൃക്കാക്കര മണ്ഡലങ്ങളിലാണ് യു.ഡി.എഫ് വിജയിച്ചിരുന്നത്. ഇത്തവണ ആകെയുള്ള 14 മണ്ഡലങ്ങളില്‍, പത്തെണ്ണം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം. വിജയിക്കാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും പരീക്ഷിക്കാന്‍ തന്നെയാണ് ചെമ്പടയുടെ തീരുമാനം. അതുകൊണ്ട് തന്നെയാണ് കെ.വി തോമസിന്റെ നിലപാടിനെയും സി.പി.എം ഗൗരവത്തോടെ നോക്കി കാണുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സിലെ സ്ഥിതി അതല്ല അധികാരം ലഭിച്ചാല്‍, മുഖ്യമന്ത്രി പദത്തിന് ചെന്നിത്തല അവകാശവാദം ഉന്നയിക്കുമെന്നതിനാല്‍ ‘എ’ വിഭാഗം പാലം വലിക്കുമോ എന്ന ആശങ്കയിലാണ് ‘ഐ’ വിഭാഗമുള്ളത്.

 

ഈ ആശങ്ക ‘ഐ’ വിഭാഗത്തിന്റെ കാര്യത്തില്‍ ‘എ’ വിഭാഗത്തിനും നിലവിലുണ്ട്. ഹരിപ്പാട് മണ്ഡലത്തില്‍ ചെന്നിത്തല ഇപ്പോള്‍ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയില്‍ അത്തരം വലിയ വെല്ലുവിളികളില്ല. കോണ്‍ഗ്രസ്സില്‍, ‘എ’ വിഭാഗത്തിനാണ് അണികള്‍ കൂടുതല്‍ എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. പാരവയ്പ്പ് ഇരുവിഭാഗവും പരസ്പരം നടത്തിയാല്‍ ഇടതുപക്ഷത്തിനാണ് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുക. കെ.സുധാകരന്‍ കെ.പി.സി.സി അദ്ധ്യക്ഷനാകുന്നതോടെ ഗ്രൂപ്പ് പോരും കൂടുതല്‍ ശക്തമാകും. പ്രതിപക്ഷ നേതാവും പാര്‍ട്ടി പ്രസിഡന്റും ഒരേ ഗ്രൂപ്പില്‍ നിന്നും വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയുടെ അനുയായികള്‍. കെ.മുരളീധരന്റെ പേരാണ് അവര്‍ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ചൂണ്ടിക്കാട്ടുന്നത്.

Top