യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടുന്നു; എംകെ മുനീര്‍ അലന്റെയും താഹയുടെയും വീടുകൾ സന്ദര്‍ശിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടുന്നു. സിപിഎം പ്രവര്‍ത്തകരായിരുന്ന അലനെയും താഹയെയും പാര്‍ട്ടി തീര്‍ത്തും തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണിത്. ഇരുവരുടേയും വീടുകള്‍ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ സന്ദര്‍ശിച്ചു. ആദ്യമായാണ് യുഡിഎഫ് സംഘം ഇരുവരുടെയും വീടുകളിലെത്തുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനും മുനീറിനൊപ്പം ഉണ്ടായിരുന്നു.

വിഷയത്തില്‍ മുന്നണി തലത്തില്‍ ഇടപെടുമെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ പറഞ്ഞു. കേസില്‍ അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്താന്‍ കാരണമെന്താണെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എംകെ മുനീര്‍ പറഞ്ഞു.

നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അലന്റെയും താഹയുടേയും വീടുകള്‍ സന്ദര്‍ശിക്കും.വിഷയത്തില്‍ എങ്ങനെ ഇടപെടണമെന്ന് മുന്നണിയിലെ എല്ലാ പാര്‍ട്ടികളുമായും കൂടിയാലോചിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും.

Top