പ്രസിഡന്റ് സ്ഥാനം: ഭീഷണിക്കു വഴങ്ങിയാണ് യുഡിഎഫിന്റെ തീരുമാനമെന്ന് പി.ജെ ജോസഫ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാന തര്‍ക്കത്തില്‍ യുഡിഎഫ് നേതൃത്വത്തിനെതിരെ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. യുഡിഎഫ് നേതൃത്വം തെറ്റായ തീരുമാനം എടുത്തെന്നും ഭീഷണിക്കു വഴങ്ങിയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി വിടുമെന്ന് ജോസ് കെ മാണി ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് തീരുമാനത്തിന് വഴങ്ങിയതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടെന്നും ജോസഫ് വ്യക്തമാക്കി. കാര്യങ്ങള്‍ വിലയിരുത്താന്‍ നാളെയും മറ്റന്നാളും യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ആദ്യ ടേമില്‍ ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതലയേല്‍ക്കുമെന്നാണ് ധാരണയായിരിക്കുന്നത്. രണ്ടാം ടേമില്‍ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി പ്രസിഡന്റ് സ്ഥാനം വഹിക്കാനും ധാരണയായിരുന്നു.

ആദ്യ ടേമില്‍ ആര് പ്രസിഡണ്ടാകും എന്നതിനെ ചൊല്ലി തര്‍ക്കങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് ജോസ് കെ മാണി- ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ച വരെ ചര്‍ച്ചകള്‍ നടന്നിരുന്നു.

Top