കോൺഗ്രസ്സ് ‘ടൈറ്റാനിക്ക്’ ആകുമോ . . ? കർണ്ണാടക കൂടി തകർന്നാൽ ‘പണി’ പാളും

ത്ര തിരിച്ചടി കിട്ടിയാലും പഠിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്ന് വീണ്ടും വീണ്ടും ആ പാര്‍ട്ടി തെളിയിച്ച് കൊണ്ടിരിക്കുകയാണ്. അധികാരം എത്രമാത്രം ജനപ്രതിനിധികളെ അന്ധരാക്കുന്നു എന്ന കാഴ്ചയാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സിലൂടെ രാജ്യമിപ്പോള്‍ ദര്‍ശിക്കുന്നത്. ഇങ്ങനെ ഒരു പാര്‍ട്ടി എന്തായാലും അധികം കാണില്ല. അത് ഉറപ്പാണ്.

കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ മൂലയ്ക്ക് ഇരുത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന്റെ വിട്ടുവീഴ്ച ഒന്നുകൊണ്ടു മാത്രമായിരുന്നു. കോണ്‍ഗ്രസ്സിനേക്കാള്‍ സീറ്റുകള്‍ കുറവുള്ള ജെ.ഡി.എസിന് മുഖ്യമന്ത്രി പദം നല്‍കാനുള്ള തീരുമാനം ചരിത്രപരമായിരുന്നു. കാവി രാഷ്ട്രീയത്തെ അധികാരത്തിന് പുറത്ത് നിര്‍ത്താന്‍ വലിയ വിട്ടുവീഴ്ച ചെയ്തു എന്ന ഇമേജും ഇതിലൂടെ കോണ്‍ഗ്രസ്സിന് ലഭിച്ചു. എന്നാല്‍ അധികാര കൊതിയന്‍മാരായ പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് ഈ വലിയ മനസ്സൊന്നും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കുമാരസ്വാമി സര്‍ക്കാറിന്റെ ആരംഭകാലം തൊട്ടുതന്നെ ഈ ഭിന്നത പ്രകടമായിരുന്നു. കാവി പാളയത്തില്‍ എം.എല്‍.എമാര്‍ ചേക്കേറാന്‍ തുടങ്ങിയത് തടയാനും നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രമുഖ നേതാവ് കൂടിയായ ഉമേഷ് ജാദവ് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അടുത്തയിടെ രണ്ട് എം.എല്‍.എമാര്‍ കൂടി രാജി വച്ചിരുന്നു. ഇപ്പോള്‍ ജെ.ഡി.എസ് എം.എല്‍.എമാര്‍ ഉള്‍പ്പെടെ 12 പേര്‍ കൂടി രാജിവച്ചതോടെ കക്ഷിനില 105 ആയി കുറഞ്ഞിട്ടുണ്ട്. 225 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സ്- ജെ.ഡി.എസ് സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 120 ആയിരുന്നു അംഗസംഖ്യ. ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. അതായത് ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാര്‍ ഏത് നിമിഷവും വീഴുമെന്ന് ഉറപ്പ്. ഇനി ഏച്ചുകെട്ടിയാല്‍ പോലും അല്പായുസായിരിക്കും എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

സിദ്ധരാമയ്യ വിഭാഗത്തിന്റെ ഉടക്ക് തന്നെയാണ് കുമാരസ്വാമി സര്‍ക്കാറിന്റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. സഖ്യസര്‍ക്കാറിന് മുന്‍കൈ എടുത്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് എതിരെ വരെ എം.എല്‍.എമാര്‍ തിരിഞ്ഞിരിക്കുകയാണ്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയതില്‍ കടുത്ത അതൃപ്തിയുള്ളവര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദ്ദേശമാണ് നിലവില്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ആശയപരമല്ല, അധികാരത്തെ ചൊല്ലിയാണ് തര്‍ക്കമെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

കോണ്‍ഗ്രസ്സിലെ ഈ ആഭ്യന്തര കലഹം കര്‍ണ്ണാടകയില്‍ വീണ്ടും താമര വിരിയുന്നതിലാണ് കലാശിക്കാന്‍ പോകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നാല്‍ പോലും ബിജെപിക്ക് എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയും. സഖ്യസര്‍ക്കാറിലെ അധികാര തര്‍ക്കവും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസവും ജനങ്ങളെ അത്രമാത്രം മടുപ്പിച്ചിട്ടുണ്ട്. ജെ.ഡി.എസ് മുന്‍ പ്രസിഡന്റ് എച്ച്. വിശ്വനാഥയുടെ നേതൃത്വത്തില്‍ മൂന്ന് എം.എല്‍.എമാര്‍ രാജിക്കത്ത് നല്‍കിയത് മുഖ്യമന്ത്രി കുമരസ്വാമിയേയും ഞെട്ടിച്ചിട്ടുണ്ട്.

എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കറും തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രാജിക്കത്തുമായി എം.എല്‍.എമാര്‍ എത്തുന്നതിനു മുന്‍പ് അദ്ദേഹം വിധാന്‍ സൗധയില്‍ നിന്നും പോയിരുന്നു. ഇതേ തുടര്‍ന്ന് രാജിവച്ചവര്‍ ഗവര്‍ണര്‍ വാജുഭായ് വാലയെ സന്ദര്‍ശിച്ച് നിലപാട് വ്യക്തമാക്കുകയുണ്ടായി. കെ.സി വേണുഗോപാല്‍, ഡി.കെ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിമത എം.എല്‍.എമാരെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെല്ലാം മുംബൈയിലായത് ഒത്തു തീര്‍പ്പ് ചര്‍ച്ചക്ക് തിരിച്ചടിയായിട്ടുണ്ട്. ബന്ധുക്കള്‍ വഴി ചില ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പിച്ച് ഭരണ സംവിധാനങ്ങളും നിഷ്‌ക്രിയമായിട്ടുണ്ട്.

ബദല്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ പൊതു തെരഞ്ഞെടുപ്പ്, ഈ നീക്കത്തിലാണിപ്പോള്‍ ബി.ജെ.പി. ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടക തൂത്ത് വരാന്‍ കഴിഞ്ഞതാണ് കാവിപടയുടെ ആത്മവിശ്വാസത്തിന് കാരണം. 28 ലോക്സഭ സീറ്റില്‍ 26 ഉം തൂത്ത് വരാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. 177 നിയമസഭ മണ്ഡലങ്ങളിലും കാവിപടക്കായിരുന്നു മുന്‍തൂക്കം.

ഗവണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്രമന്തി സദാനന്ദ ഗൗഡയും വ്യക്തമാക്കിയിട്ടുണ്ട്. അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പിയുടെ നീക്കം. 14 കോണ്‍ഗ്രസ്സ്- ദള്‍ എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ ഭൂരിപക്ഷം 105 ആയി കുറയും. ബി.ജെ.പിയുടെ അംഗസംഖ്യയും ഇതു തന്നെയാണ്. കെ.പി.ജെ.പിയുടെ മന്ത്രി ആര്‍. ശങ്കര്‍, സ്വതന്ത്ര്യന്‍ എച്ച്. നാഗേഷ് എന്നിവരുടെ നിലപാടായിരിക്കും ഏത് സര്‍ക്കാര്‍ വാഴും എന്ന് തീരുമാനിക്കുക. മന്ത്രിസ്ഥാനം ആര് നല്‍കിയാലും ഇവര്‍ അവര്‍ക്കൊപ്പം നില്‍ക്കാനാണ് സാധ്യത.

12ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിത നാടകങ്ങള്‍ കര്‍ണ്ണാടകയില്‍ അരങ്ങ് തകര്‍ക്കുന്നത്. സ്വന്തം പാര്‍ട്ടി എം.എല്‍.എമാരില്‍ കടിഞ്ഞാണ്‍ ഇല്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. പി.സി.സി പിരിച്ചു വിട്ടതിനാല്‍ എം.എല്‍.എമാര്‍ക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണുള്ളത്. പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച് സ്വന്തം പാര്‍ട്ടിക്ക് തന്നെ പണി കൊടുക്കുന്ന ഏര്‍പ്പാടാണ് അധികാരമോഹികളായ ജനപ്രതിനിധികള്‍ ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത്. ആര്‍ക്കും വിലക്കെടുക്കാവുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ്സ്- ദള്‍ എം.എല്‍.എമാരില്‍ ഒരു വിഭാഗം മാറി കഴിഞ്ഞു. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. ഏത് രാഷ്ട്രീയത്തിനാണോ വോട്ട് ലഭിച്ചത് അതിനു നേരെ വിപരീത നിലപാടാണിത്.

ലോക്സഭ തെരഞ്ഞെടുപ്പ് വിധിയോടെ താളം തെറ്റിയ കോണ്‍ഗ്രസ്സ് ഹൈക്കമാന്റും കര്‍ണ്ണാടകയില്‍ വെറും നോക്കുകുത്തി മാത്രമാണ്. ആരാണ് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനെന്ന് ഹൈക്കമാന്റിന് പോലും നിശ്ചയമില്ലാത്ത അവസ്ഥയാണ് നിലവില്‍. ‘തല’ തന്നെ ‘തല’ തിരിഞ്ഞാല്‍ വാലിന്റെ അവസ്ഥ പിന്നെ പറഞ്ഞിട്ട് കാര്യമില്ലെന്ന് കര്‍ണ്ണാടക വീണ്ടും നമ്മെ ബോധ്യപ്പെടുത്തുകയാണ്. അല്പമെങ്കിലും കാര്യക്ഷമമായി ഇവിടെ ഓടി നടക്കുന്നത് ഡി.കെ ശിവകുമാര്‍ എന്ന നേതാവ് മാത്രമാണ്. എം.എല്‍.എമാരുടെ രാജിക്കത്ത് വലിച്ച് കീറാന്‍ വരെ അദ്ദേഹം തയ്യാറായിരുന്നു. പലപ്പോഴും ഉലഞ്ഞപ്പോഴും വീഴാതെ പിടിച്ച് നിര്‍ത്തിയിരുന്നതും ഡി.കെ എന്ന ഈ നേതാവിന്റെ ഇടപെടല്‍ മൂലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവം ക്ലൈമാക്സില്‍ എത്തിയിരിക്കുകയാണ്.

കര്‍ണ്ണാടക വീണാല്‍ പിന്നെ രാജസ്ഥാനും മധ്യപ്രദേശും വീഴുന്ന നാളുകളും വിദൂരമാകില്ല. കാരണം ഇവിടങ്ങളിലും കോണ്‍ഗ്രസ്സ് ഗ്രൂപ്പിസം സകല അതിര്‍വരമ്പുകളും ലംഘിച്ചു കഴിഞ്ഞു. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലും സ്ഥിതി കോണ്‍ഗ്രസ്സിന് എതിരാണ്. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവ് തന്നെയാണ് കാവി പുതച്ചത്. ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറല്ലെങ്കില്‍ അവിടെയും പൊടി കാണില്ല.

എന്തിനു വേണ്ടി കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യണം എന്ന വലിയ ഒരു ചോദ്യമാണ് കര്‍ണ്ണാടക രാജ്യത്തിന് മുന്നില്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സുകാരും ഈ ചോദ്യത്തിന് മറുപടി നല്‍കേണ്ടി വരും. കാരണം ആറ് മണ്ഡലങ്ങളിലേക്കുള്ള നിയമസഭ ഉപതെരഞ്ഞെടുപ്പ് കേരളത്തിലും ഉടന്‍ നടക്കാനിരിക്കുകയാണ്.

Political Reporter

Top