മുരളിയെ മുൻനിർത്തി ‘പട’ നയിക്കുന്നത് ഉമ്മൻചാണ്ടി, ഇനി ‘കളികളും’ മാറും

ടതുപക്ഷത്തിന് ഇനി കാര്യങ്ങള്‍ എളുപ്പമാകും. എം.എല്‍.എമാരാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്ന കെ.മുരളീധരന്‍ എം.പിയുടെ പ്രസ്താവന വരാന്‍ പോകുന്ന ഗ്രൂപ്പ് യുദ്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന കാര്യവും മുരളീധരന്‍ വ്യക്തമാക്കി കഴിഞ്ഞു. രമേശ് ചെന്നിത്തലയെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാട് തന്നെയാണ് ഈ പ്രസ്താവനയിലൂടെ കെ മുരളീധരന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ചെന്നിത്തല കേരള യാത്ര നയിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലുണ്ടായ ഭിന്നതക്കിടെ മുരളീധരന്‍ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി രംഗത്ത് വന്നത് ഐ ഗ്രൂപ്പിനെ ശരിക്കും ആശങ്കപ്പെടുത്തിയിട്ടുണ്ട്.

വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ ഇറങ്ങില്ലെന്ന കാര്യവും മുരളി തുറന്നു പറഞ്ഞിട്ടുണ്ട്. ഇത് കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം ഉണ്ടാകാത്തതിലുള്ള പ്രതിഷേധമായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തേക്കാള്‍ എംപിയെന്ന ചുമതല നിര്‍വ്വഹിക്കലാണ് പ്രധാനമെന്നതാണ് കെ മുരളീധരന്റെ ന്യായീകരണം. ക്രിസ്ത്യന്‍ മത നേതാക്കളുമായി യുഡിഎഫ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലും കടുത്ത അതൃപ്തിയാണ് മുരളീധരനുള്ളത്. കൂടിക്കാഴ്ചയെ എത്രമാത്രം അവര്‍ വിശ്വാസത്തിലെടുത്തു എന്ന് അറിയില്ലെന്നും ഹൃദയം തുറന്ന ചര്‍ച്ചയിലൂടെയാണ് മത നേതാക്കളുടെ ആശങ്ക പരിഹരിക്കേണ്ടതെന്നുമാണ് മുരളീധരന്‍ തുറന്നടിച്ചിരിക്കുന്നത്.

വെല്‍ഫെയര്‍ ബന്ധം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തന്നെയാണ് തീരുമാനിച്ചതെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും വിശദമായ ചര്‍ച്ച നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റുകളില്‍ ഗ്രൂപ്പ് വീതം വയ്പ്പായിരുന്നു നടന്നിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ അത് ഇനി ആവര്‍ത്തിക്കരുത്. ഗ്രൂപ്പിനതീതമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താഴെത്തട്ടില്‍ ഇപ്പോഴും പാര്‍ട്ടിക്ക് ചലനമുണ്ടാക്കാനായിട്ടില്ലെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

 

മുരളീധരന്റെ ഈ പരസ്യ പ്രസ്താവനയെ അതീവ ഗൗരവമായാണ് കോണ്‍ഗ്രസ്സ് നേതൃത്വവും നോക്കി കാണുന്നത്. ചെന്നിത്തല നയിക്കുന്ന ജാഥയില്‍ വടകര വിട്ടൊരു പങ്കാളിത്യം തന്നില്‍ നിന്നുണ്ടാകില്ലെന്ന സൂചനയും മുരളീധരന്‍ ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. നേതൃമാറ്റം നടപ്പാക്കാതെ മുന്നോട്ട് പോകുന്ന പാര്‍ട്ടി നേതൃത്വത്തിനോട് മുരളിക്ക് മാത്രമല്ല മിക്ക നേതാക്കള്‍ക്കും കടുത്ത എതിര്‍പ്പാണുള്ളത്. ഗ്രൂപ്പ് വീതം വയ്പ്പാവരുത് ‘സീറ്റ് നിര്‍ണ്ണയം’ എന്ന നിലപാടും ഐ ഗ്രൂപ്പിന് എതിരാണ്. തുല്യമായി സീറ്റ് പങ്കിട്ടെടുക്കുന്ന രീതി മാറുന്നതോടെ, ചെന്നിത്തല വിഭാഗമാണ് വെട്ടിലാക്കുക. ഉമ്മന്‍ ചാണ്ടിയുടെ സാധ്യതയാണ് ഇതോടെ കൂടുതല്‍ വര്‍ദ്ധിക്കുക മുസ്ലീംലീഗിന്റെ പിന്തുണയും ഉമ്മന്‍ ചാണ്ടിക്ക് തന്നെയാണുള്ളത്.

ഭരണം കിട്ടിയില്ലങ്കില്‍, പ്രതിപക്ഷ നേതൃസ്ഥാനം പോലും ചെന്നിത്തലക്ക് നല്‍കാതിരിക്കുന്ന തരത്തിലുള്ള നീക്കമാണ് ‘എ’ ഗ്രൂപ്പ് അണിയറയില്‍ നടത്തി വരുന്നത്. ഐ ഗ്രൂപ്പില്‍ നിന്നും ഉമ്മന്‍ചാണ്ടി പക്ഷത്തേക്ക് ചുവട് മാറ്റിയ മുരളീധരന്‍ ഐ ഗ്രൂപ്പിനെ തന്നെ പിളര്‍ത്താനാണ് നിലവില്‍ ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായാണ് ‘എ’ വിഭാഗമിപ്പോള്‍ മുരളീധരനെ നോക്കി കാണുന്നത്. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് മുരളീധരന്‍ വരണമെന്ന താല്‍പ്പര്യം ഉമ്മന്‍ ചാണ്ടിക്കുമുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നതോടെ,മുരളിയെ അദ്ധ്യക്ഷനാക്കാനുള്ള തന്ത്രപരമായ നീക്കമാണിപ്പോള്‍, ‘എ’ വിഭാഗം നടത്തി വരുന്നത്.

Top