‘യുഡിഎഫ് ഒരുങ്ങിയിറങ്ങി, ആലപ്പുഴ പിടിക്കും’; പദ്മജയും, കെ.സിയും മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ആലപ്പുഴ പിടിക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. കെ.സി വേണുഗോപാലിന്റെ ചിത്രവും പോസ്റ്റിലുണ്ട്. ‘യുഡിഎഫ് ഒരുങ്ങിയിറങ്ങി, ആലപ്പുഴ പിടിക്കും’ എന്നാണ് പോസ്റ്റിലുള്ളത്. തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റും യുഡിഎഫ് നേടുമെന്നാണ് കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്. ഇത്തവണ ആലപ്പുഴയും നേടി ഇരുപതും തികയ്ക്കുമെന്ന് പറയുന്നതിൽ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എന്നാൽ കെ സി വേണുഗോപാലിന്റെ ചിത്രം കണ്ടതോടെ കെ.സി ആലപ്പുഴയിൽ മത്സരിക്കുമോയെന്ന ചോദ്യം പ്രസക്തമായിക്കഴിഞ്ഞു. സിറ്റിംഗ് മണ്ഡലമായിരുന്ന ആലപ്പുഴയിൽ കഴിഞ്ഞ ഇലക്ഷനിൽ അദ്ദേഹം മത്സരിച്ചിരുന്നില്ല. എന്തായാലും പദ്മജ വേണുഗോപാലിന്റെ പുതിയ പോസ്റ്റ് കണ്ടതോടെ ആലപ്പുഴയിൽ പല പ്രതീക്ഷകളും അഭിപ്രായങ്ങളും മുന്നോട്ടുവരികയാണ്.

കർമമണ്ഡലമായിരുന്ന ആലപ്പുഴയാണോ ജന്മനാടായ കണ്ണൂരാണോ കെ.സി തിരഞ്ഞെടുക്കുകയെന്ന വ്യക്തമല്ല. രാജ്യസഭാംഗമായ കെ.സി മത്സരിക്കുന്ന കാര്യത്തിലും മനസുതുറന്നിട്ടില്ല. യുഡിഎഫിന് കഴിഞ്ഞതവണ നഷ്ടപ്പെട്ട ആലപ്പുഴ പിടിച്ചെടുക്കാൻ കെ.സി വേണുഗോപാൽ വരണമെന്ന ആഗ്രഹം പാർട്ടിയിൽ സജീവമാണ്.

Top