തിരുവനന്തപുരം: യുഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുക തന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി. എക്‌സിറ്റ് പോളിന്റെ കൗണ്ടിങ്ങല്ല ഇന്നു നടക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജനങ്ങള്‍ വോട്ടു ചെയ്ത യന്ത്രത്തിലെ വോട്ടാണ് എണ്ണുന്നത്. അതു പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് ഭരണം തുടരുക തന്നെ ചെയ്യും.
പ്രചാരണ പരിപാടികള്‍ തുടങ്ങുമ്പോള്‍ ലഭിച്ച അതേ ആത്മവിശ്വാസമാണ് ഇപ്പോഴും. യുഡിഎഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിയാകുമോ എന്നു ചോദിച്ചാല്‍, അതു പറയാന്‍ കഴിയില്ല.
തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെയാണ് തന്റെ ഇപ്പോഴത്തെ സ്ഥാനം. അതിനുശേഷമുള്ള കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്.
ബിജെപി അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ല. കേരളത്തിന്റെ മനസ്സ് ബിജെപിയെ അംഗീകരിക്കില്ല. 77ല്‍ സിപിഎം പിന്തുണച്ചിട്ട് അവര്‍ക്ക് ശക്തിയുള്ള ഉദുമയില്‍ പോലും അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.
ബിഡിജെഎസിന്റെ പിന്തുണ ചൂണ്ടിക്കാട്ടിയപ്പോള്‍, സിപിഎം പരാജയപ്പെട്ടിടത്ത് മറ്റുള്ളവര്‍ക്ക് വിജയിപ്പിക്കാന്‍ കഴിയുമോ എന്ന മറുചോദ്യം ഉമ്മന്‍ചാണ്ടി ഉന്നയിച്ചു. എത്ര സീറ്റ് യുഡിഎഫിനു ലഭിക്കും എന്നതു പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.