ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് യുഡിഎഫ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല: വി ഡി സതീശൻ

എറണാകുളം: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് യുഡിഎഫ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് സഭയെ വലിച്ചിഴച്ചത് സിപിഎം ആണെന്നും സതീശൻ കുറ്റപ്പെടുത്തി. സഭയുടെ സ്ഥാപനത്തിൽ വച്ച് വാർത്താസമ്മേളനം നടത്തി. സഭയുടെ ചിഹ്നമുള്ള ഇടത്തിരുന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് മന്ത്രി പി.രാജീവ് അല്ലെയെന്നും വി.ഡി.സതീശൻ ചോദിച്ചു. ആശുപത്രിയിൽ പോയി നാടകം കാണിച്ചത് എന്തിനെന്ന് പറയേണ്ടത് പി.രാജീവ് ആണ്. സിപിഎം തീരുമാനത്തിന് സഭയുടെ പിന്തുണ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു. വെളുക്കാൻ തേച്ചത് പാണ്ടായതിന് പി.രാജീവ് കോൺഗ്രസ്സുകാരുടെ മെക്കിട്ട് കേറണ്ടെന്നും സതീശൻ കൊച്ചിയിൽ പറഞ്ഞു.

പി.സി.ജോർജിനെ കെട്ടിപ്പിടിച്ച ആളെ ആണോ സിപിഎം സ്ഥാനാർഥി ആക്കുന്നതെന്നും സതീശൻ ചോദിച്ചു. പി.സി .ജോർജിന് ജാമ്യം കിട്ടാൻ സിപിഎം വഴി ഒരുക്കുകയായിരുന്നു. അതിനായി എഫ്ഐആറിൽ വെള്ളം ചേർത്തു. പി സി ജോർജിന്റെ പിന്തുണയോടെ ഇപ്പോഴും സിപിഎം പഞ്ചായത്ത് ഭരിക്കുന്നു. അത് ആദ്യം രാജി വക്കട്ടെ എന്നും വി.ഡി.സതീശൻ പറഞ്ഞു. കോൺഗ്രസിനുള്ളിൽ അശയക്കുഴപ്പമില്ലെന്നും രമേശ് ചെന്നിത്തലയും താനും പറഞ്ഞത് ഒരേ കാര്യമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Top