UDF Government’s controversial decisions vigilance will be enquirer

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന് വിട്ടേക്കും.

2016 ജനുവരി ഒന്നു മുതല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ തൊട്ട് മുന്‍പു വരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത 818 ഓളം തീരുമാനങ്ങളില്‍ ഭൂരിപക്ഷവും വിജിലന്‍സ് അന്വേഷണത്തിന് കളമൊരുക്കുമെന്നാണ് അറിയുന്നത്.

മെത്രാന്‍ കായല്‍,കടമക്കുടിയിലെ വിവാദ ഭൂമി കയ്യേറ്റം, പാലക്കാട് കരുണ എസ്റ്റേറ്റ്, സന്തോഷ് മാധവന് ഭൂമി പതിച്ച് നല്‍കിയത്, തിരുവനന്തപുരം ടെന്നിസ് ക്ലബ്ബിന് 12 കോടി രൂപ പാട്ട കുടിശ്ശിക ഇളവ് നല്‍കിയ നടപടി, വിവിധ മത സംഘടനകളുടെ ക്ലബ്ബുകള്‍ക്ക് ഭൂമി പതിച്ച് നല്‍കാന്‍ എടുത്ത തീരുമാനം തുടങ്ങിയവയാണ് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനക്ക് വരുന്ന പ്രധാന വിഷയങ്ങള്‍.

ബുധനാഴ്ച മന്ത്രിസഭാ ഉപസമിതി കണ്‍വീനര്‍ മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മന്ത്രിമാരായ വിഎസ് സുനില്‍കുമാര്‍, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മാത്യ ടി തോമസ് എന്നിവര്‍ അംഗങ്ങളാണ്.

പ്രാഥമിക പരിശോധനയില്‍ തന്നെ ക്രമക്കേട് കണ്ടെത്തിയാല്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനാണ് തീരുമാനം.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന ധൃതി പിടിച്ച പല വിവാദ നടപടികളും ക്രമവിരുദ്ധമായതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എതിര്‍ നോട്ട് എഴുതിയത് റവന്യുമന്ത്രി ആയിരുന്ന അടൂര്‍ പ്രകാശിന്റെ നില പരുങ്ങലിലാക്കുന്നതാണ്.

ഈ വിവാദ തീരുമാനങ്ങളില്‍ പലതും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോടെയുള്ളതായതിനാല്‍ ഉമ്മന്‍ ചാണ്ടിയും അന്വേഷണം നേരിടേണ്ടി വരും.

തിരഞ്ഞെടുപ്പ് സമയത്ത് എടുത്ത നിയമ വിരുദ്ധ നടപടിക്കെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും, വൈസ് പ്രസിഡന്റ് വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങി യുഡിഎഫിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.

വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായാല്‍ ഈ നേതാക്കളുടെ അടുത്ത് നിന്നും മൊഴി എടുക്കേണ്ടി വരും.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ വിവാദ തീരുമാനങ്ങള്‍ എല്ലാം പുനപരിശോധിക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് നിര്‍ദ്ദേശം നല്‍കിയത്.

Top