യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പരാതി; പ്രചാരണ രംഗത്ത് മുതിര്‍ന്ന നേതാക്കളും സജീവമാകുന്നു

തിരുവനന്തപുരം: ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കളും രംഗത്ത്. പ്രചാരണ രംഗത്ത് ഏകോപനമില്ലെന്നും മുതിര്‍ന്ന നേതാക്കളില്‍ പലരും വിട്ടു നില്‍ക്കുന്നുവെന്നുമുള്ള പരാതി ശശി തരൂര്‍ നേതൃത്വത്തെ അറിയിച്ചതിനു പിന്നാലെയാണ് പ്രചാരണ രംഗത്ത് മുതിര്‍ന്ന നേതാക്കളും സജീവമായിത്തുടങ്ങിയത്.

തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തരൂരിന് വോട്ടുതേടി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. 16-ാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ശശി തരൂരിന്റെ പരാതികള്‍ക്ക് പിന്നാലെ തിരുവനന്തപുരം മണ്ഡലത്തിന്റെ പ്രചാരണ ചുമതല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റെടുത്തിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ പ്രചാരണ രംഗത്തു നിന്നും വിട്ടുനില്‍ക്കുന്നുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയായിരുന്നു പ്രധാനമായും പരാതി ഉയര്‍ന്നിരുന്നത്. ശശി തരൂര്‍ പരാജയപ്പെട്ടാല്‍ പ്രചാരണ ചുമതലയുള്ള നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Top