യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് പമ്പയില്‍

തിരുവനന്തപുരം: യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് പമ്പയില്‍ എത്തും. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം 12 മണിയോടെയാണ് പമ്പയില്‍ എത്തുക. ശബരിമലയിലെ അനിയന്ത്രിത തിരക്കിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം നടത്തുന്നത്. പമ്പയില്‍ എത്തിയ ശേഷം അയ്യപ്പഭക്തര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പഠിക്കും. ശബരിമലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.

അതേസമയം ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പ്രായമായ ഭക്തര്‍ ദര്‍ശനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. പ്രായമായവര്‍ സന്നിധാനത്തെ ക്യൂവിന് പുറത്തിറങ്ങുകയാണ് പലപ്പോഴും. തിങ്ങിഞെരുങ്ങി ദര്‍ശനം നടത്താനാവില്ലെന്നാണ് പ്രായമായ ഭക്തര്‍ പറയുന്നത്.

ഇന്ന് ഓണ്‍ ലൈന്‍ ബുക്കിങ്ങ് 89860 പേരാണ്. കഴിഞ്ഞ ദിവസം ദര്‍ശനം നടത്തിയത് 66000 പേരാണ്. 80,000 വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് പരിധി നാളെ മുതലായിരിക്കും. നിലയ്ക്കലിലും ഭക്തര്‍ ദുരിതത്തിലാണ്. കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസുകളിലാണ് ഭക്തരുടെ കാത്തിരിപ്പ്. പരിമിത എണ്ണം ബസ്സുകള്‍ മാത്രമാണ് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നത്. ഇന്നും പമ്പയില്‍ നിന്ന് ഭക്തരെ നിയന്ത്രിച്ചാണ് മലകയറ്റുന്നത്. സന്നിധാനത്തെത്താന്‍ ആറ് മണിക്കൂറിലധികം എടുത്തതായി ഭക്തര്‍ വ്യക്തമാക്കി.

Top