മേയറിന് നേരെ കയ്യേറ്റം; കണ്ണൂർ കോർപറേഷൻ പരിധിയിൽ ഹർത്താലിന് ആഹ്വാനം

കണ്ണൂർ: കണ്ണൂർ മേയർ സുമ ബാലകൃഷ്ണനെ എൽഡിഎഫ് കൗൺസിലർമാർ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് വ്യാഴാഴ്ച കണ്ണൂർ കോർപറേഷൻ പരിധിയിൽ ഹർത്താലിന് ആഹ്വാനം നൽകി. വ്യാഴാഴ്ച ഉച്ചവരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബുധനാഴ്ച കൗൺസിൽ യോഗത്തിന് മുമ്പായി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് കണ്ണൂർ കോർപ്പറേഷനിൽ കൈയാങ്കളി അരങ്ങേറിയത്.പ്രതിപക്ഷാംഗങ്ങൾ തമ്മിലുള്ള ബഹളത്തിനിടെയാണ് മേയർക്കെതിരേ കൈയേറ്റ ശ്രമമുണ്ടായത്.

കോർപ്പറേഷന് മുന്നിൽ ജീവനക്കാർ നടത്തുന്ന സമരത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് അംഗങ്ങൾ മേയർക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നത്. കോൺഗ്രസ് അംഗങ്ങൾ മേയറെ പ്രതിരോധിച്ച് എത്തിയതോടെ ഉന്തും തള്ളുമായി. ഇതിനിടെയാണ് ചില അംഗങ്ങൾ കൈയേറ്റം ചെയ്തതെന്ന് മേയർ ആരോപിച്ചു.

Top