യു.ഡി.എഫ് – സിപിഎം സംഘര്‍ഷം; നവകേരള സദസിന്റെ പേരില്‍ സി.പി.എമ്മിന്റെ അഴിഞ്ഞാട്ടം: വി.ഡി സതീശന്‍

തിരുവനന്തപുരം: ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതിന്റെ പേരില്‍ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാന്‍ സി.പി.എമ്മിന് ആരാണ് അനുമതി നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കല്യാശ്ശേരിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു, സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ആരോപണം.

നവകേരള സദസിന്റെ പേരില്‍ സി.പി.എം അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു. സി.പി.എം ബോധപൂര്‍വം അക്രമം അഴിച്ചുവിടുമ്പോള്‍ ചലിക്കാതെ നിന്ന പോലീസ് ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. യു.ഡി.എഫ് പ്രവര്‍ത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കില്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും, ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും സതീശന്‍ പറഞ്ഞു.

തളിപ്പറമ്പില്‍ നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഴയങ്ങാടിയില്‍ ഏറ്റുമുട്ടിയിരുന്നു. പൊലീസും ഇവര്‍ക്കൊപ്പം പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു. സംഘര്‍ഷത്തിന് ശേഷം കരിങ്കൊടി കാട്ടിയവരുമായി പൊലീസ്, സ്റ്റേഷനിലേക്ക് പോയപ്പോള്‍ സിപിഎം പ്രവര്‍ത്തകരും ഇവിടേക്ക് സംഘടിച്ചെത്തി. പരിയാരം പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രതിഷേധിച്ചു.

Top