കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം; എം എം ഹസ്സന്‍

കോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. എന്നാല്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല എഐസിസി തന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും ഹസ്സന്‍ വ്യക്തമാക്കി.

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് രംഗത്ത് അണിനിരന്നു കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് രംഗത്ത് 20 ല്‍ 20 സീറ്റും നേടും. ആലപ്പുഴയില്‍ വേണുഗോപാല്‍ വന്നതോടെ ആരിഫിന്റെ നെഞ്ചിടിപ്പ് തുടങ്ങി. ലോക്‌സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടിയാണ് കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല ബിജെപിയില്‍ പോകുന്നത്. തൃപുരയില്‍ നിന്നും ബംഗാളില്‍ നിന്നും നിരവധി പേര്‍ ബിജെപിയില്‍ പോയിട്ടുണ്ട്. പഴത്തൊലിയില്‍ ചവിട്ടി വീഴുന്നവരുണ്ടോ എന്ന് നോക്കി നടക്കുകയാണ് ബിജെപി. സുരേഷ് ഗോപി ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ ശക്തന്‍ വേണമെന്നത് കൊണ്ടാണ് മുരളീധരന്‍ തൃശൂരില്‍ മത്സരിക്കുന്നത്. കരുത്തന്‍ വേണമെന്ന് തൃശൂരിലെ സിറ്റിംഗ് എം പി തന്നെ ആവശ്യപ്പെട്ടു. വനിതകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും. ഇപ്പോഴത്തെ സാഹചര്യം കൂടി പരിഗണിക്കണമെന്നും ഹസ്സന്‍ പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്‍ രാജി വച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇവിഎമ്മിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയമാണെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

Top