പാലാ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടി യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയുമായി കൂടികാഴ്ച നടത്തി. പാലായിലെ വസതിയിലെത്തിയാണ് മാണിയുമായി വിജയകുമാര്‍ കൂടിക്കാഴ്ച നടത്തിയത്.
തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ പിന്തുണ തേടുന്നത് സ്വാഭാവികമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി പിന്തുണ തേടി എത്തിയതില്‍ സന്തോഷമുണ്ട്. ഏത് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് പാര്‍ട്ടിയാണെന്നും മാണി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയാശംസകള്‍ നേര്‍ന്ന മാണി വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വ്യക്തമാക്കി.
അതേസമയം തിരഞ്ഞെടുപ്പിലെ പിന്തുണ നല്‍കുന്ന കാര്യത്തില്‍ അനുഭാവപൂര്‍വമായ സമീപനമാണ് കെ.എം മാണി സ്വീകരിച്ചതെന്ന് ഡി. വിജയകുമാര്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും വിജയകുമാര്‍ അറിയിച്ചു.


