പാലായില്‍ ഇനി തിരഞ്ഞെടുപ്പ് പോരാട്ടം ; യുഡിഎഫ് പ്രചാരണത്തിന് ഇന്ന് തുടക്കം

പാലാ: പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് പ്രചാരണം തുടങ്ങും. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രചാരണം. തുടർന്ന് പൗരപ്രമുഖരുമായും മതമേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തും.

രാവിലെ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ നേതാക്കൾ കൂടിയാലോചിച്ച് ഭാവി പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യും. കെ.എം മാണിയുടെ ചിത്രം മനസിലുള്ള പാലാക്കാര്‍ തന്നെ വിജയിപ്പിക്കുമെന്ന് ജോസ് ടോം പറയുന്നു. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ജോസ് ടോം എന്നും മാണി കുടുംബത്തിന്റെ വിശ്വസ്തനാണ്.

സ്ഥാനാര്‍ത്ഥിയായി നിഷ ജോസ് കെ മാണിയുടെ പേരാണ് ജോസ് കെ മാണി വിഭാഗം ഉയര്‍ത്തിയത്. ഇതിനെ എതിര്‍ത്ത് പി ജെ ജോസഫ് നിലപാട് കടുപ്പിച്ചതോടെയാണ് യുഡിഎഫ് സമവായ ശ്രമങ്ങളുമായി രംഗത്തെത്തിയത്. ഒടുവില്‍ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജോസ് ടോമിനെ മത്സരിപ്പിക്കാനും തീരുമാനിച്ചത്.

Top