കല്ലാമലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പിന്മാറി; ആര്‍എംപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: കല്ലാമലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെപി ജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മരവിപ്പിച്ചു. ജയകുമാര്‍ പിന്മാറുമെന്നും ആര്‍എംപി സ്ഥാനാര്‍ത്ഥി സി സുഗതനെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

ഒരാഴ്ചയിലേറെ നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ് കല്ലാമല തര്‍ക്കം ഒത്തുതീര്‍പ്പാകുന്നത്. കോണ്‍ഗ്രസും ആര്‍എംപിയും ചേര്‍ന്നു രൂപീകരിച്ച ജനകീയ മുന്നണിയുടെ അടിത്തറയിളക്കുന്ന പ്രശ്‌നങ്ങളായിരുന്നു കല്ലാമലയില്‍ ഉണ്ടായത്. സിപിഎമ്മിനെതിരെ ആര്‍എംപിയും കോണ്‍ഗ്രസും ചേര്‍ന്ന് രൂപീകരിച്ച ജനകീയ മുന്നണിയുടെ ധാരണ അട്ടിമറിച്ച് മുല്ലപ്പളളിയുടെ പിന്തുണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായായ ജയകുമാറിനോട് പിന്‍മാറാന്‍ ഒടുവില്‍ മുല്ലപ്പളളി തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു.

മുല്ലപ്പളളിയുടെ വീട് ഉള്‍പ്പെടുന്ന കല്ലാമല ഡിവിഷന്‍ ആര്‍എംപിക്കായിരുന്നു അനുവദിച്ചതെങ്കിലും ഇവിടെ മുല്ലപ്പളളിയുടെ പിന്തുണയില്‍ കെപി ജയകുമാര്‍ സ്ഥാനാര്‍ത്ഥിയായതോടെയായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. ഇതില്‍ പ്രതിഷേധിച്ച് കെ. മുരളീധരന്‍ വടകരയിലെ പ്രചരണ പരിപാടികളില്‍ നിന്ന് പിന്‍മാറി. പിന്നാലെ യുഡിഎഫിലെ മറ്റ് നേതാക്കളും വടകരയിലെ പ്രചാരണത്തില്‍ നിന്ന് അകലം പാലിച്ചിരുന്നു.

Top