UDF- BJP

തിരുവനന്തപുരം: ഇടതുപക്ഷം അധികാരത്തില്‍ വരാതിരിക്കാന്‍ ആര്‍എസ്എസ് ഒടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുമെന്ന് സിപിഎം കണക്കുകൂട്ടല്‍.

മൂന്ന് മണ്ഡലങ്ങളില്‍ ബിജെപിക്ക് പിന്‍തുണ നല്‍കി നിയമസഭയിലെത്താന്‍ അവസരമൊരുക്കുകയും പകരമായി യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നതിനായി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വഴി ഒരുക്കുമെന്നുമാണ് സിപിഎം നേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശം.

പരസ്യമായി ബിജെപി-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ രംഗത്ത് വന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഈ നീക്കം പ്രബുദ്ധകേരളം ചെറുത്ത് തോല്‍പ്പിക്കുമെന്നാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന സാഹചര്യത്തില്‍ ഇത്തവണയും ഒരു അക്കൗണ്ട് പോലും തുറക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ ദേശീയ തലത്തില്‍ തന്നെ അത് ബിജെപിക്ക് വലിയ നാണക്കേടാവുമെന്നതിനാല്‍ സീറ്റ് നേടിയേ തീരൂ എന്ന വാശിയിലാണ് ബിജെപി നേതൃത്വം. ഒ.രാജഗോപാല്‍, കെ. സുരേന്ദ്രന്‍, ശ്രീശാന്ത്, വി,മുരളീധരന്‍, പി.കെ കൃഷ്ണദാസ് എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് പ്രധാനമായും ബിജെപിയുടെ വിജയപ്രതീക്ഷ.

തൃശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളിലും പാര്‍ട്ടി അത്ഭുതം പ്രതീക്ഷിക്കുന്നുണ്ട്.വോട്ട് ശതമാനം ബിജെപിക്ക് ഇത്തവണ വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെങ്കിലും അവര്‍ അക്കൗണ്ട് തുറക്കുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

അതേസമയം യുഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരം ഭിന്നിച്ച് പോവുന്നത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷത്തിന്റെ കരുനീക്കം. ഇടതുപക്ഷത്തെ അല്പം ആശങ്കപ്പെടുത്തുന്നതും ഇതു തന്നെയാണ്. അതിനാല്‍ ഈ വെല്ലുവിളി അതിജീവിക്കാന്‍ പരമാവധി വോട്ട് സമാഹരിക്കാനാണ് പാര്‍ട്ടി പദ്ധതി.

കോണ്‍ഗ്രസ്-ബിജെപി ധാരണ പരമാവധി തുറന്നു കാട്ടി ന്യൂനപക്ഷ വോട്ട് ഉറപ്പിച്ച് നിര്‍ത്താനും വെള്ളാപ്പള്ളിയുടെയും സംഘത്തിന്റെയും പിന്നോക്കവിരുദ്ധ നിലപാട് ചൂണ്ടിക്കാട്ടി പിന്നോക്ക വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്താനുമാണ് ഇടത് നീക്കം. ഭരണപക്ഷ വിരുദ്ധ വോട്ടുകളിലെ ചെറിയ പങ്ക് പോലും ബിജെപിയിലേക്ക് ഒഴുകാതിരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അവസാനത്തെ പാര്‍ട്ടി വോട്ടുകളും പോള്‍ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്നും സോഷ്യല്‍ മീഡിയകളിലും ചാനലുകളുടെ പൊതു ചര്‍ച്ചകളിലും സജീവമായ ഇടപെടല്‍ അനിവാര്യമാണെന്നും പാര്‍ട്ടി അംഗങ്ങളോട് സിപിഎം ഇതിനകം തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top