സിപിഎമ്മില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരും…വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍

Kodiyeri Balakrishanan

തിരുവനന്തപുരം: സിപിഎമ്മില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ യുഡിഎഫ് മാത്രമല്ല ബിജെപിയും പ്രധാന എതിരാളികളാണെന്നും കോടിയേരി പറഞ്ഞു.

ജനങ്ങളുമായി കൂടുതല്‍ ഇടപെടല്‍ നടത്തും. കേരളത്തില്‍ ഹിന്ദു വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ശക്തിപ്പെടുകയാണ്. വര്‍ഗ്ഗീയത കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കും. പാര്‍ട്ടിയുടെ ബഹുജന സ്വാധീനത്തില്‍ തകര്‍ച്ചയുണ്ടായി ചിലയാളുകള്‍ പാര്‍ട്ടിയില്‍ നിന്ന് പോയി എന്നത് സത്യമാണ്. എല്‍ഡിഎഫിന്റെ ബഹുജന അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്, കോടിയേരി വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റണമെന്നും ബഹുജന പിന്തുണ നഷ്ടമാകുന്ന ഒരു കാര്യവും ചെയ്യരുതെന്നും അക്രമ സംഭവങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിവതും ഒഴിവാകണമെന്നും പ്രവര്‍ത്തകരോടായി കോടിയേരി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം സിപിഎം മുഖ്യവിഷയമാക്കുമെന്നും പരിസ്ഥിതി റിപ്പോര്‍ട്ടുകളിലെ സാഹചര്യം മനസിലാക്കി നടപടി സ്വീകരിക്കുമെന്നും കെട്ടിട നിര്‍മ്മാണത്തിന് പരമാവധി കരിങ്കല്ലും മണലും ഉപയോഗിക്കാതിരിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

ഉദ്യോഗസ്ഥ തലത്തില്‍ ചില മേഖലകളില്‍ അഴിമതി നടക്കുന്നുണ്ട്. നീതി നിഷേധിക്കുന്ന സ്ഥിതി ഒരു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉണ്ടാവരുത്. ഇതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇനി മുതല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കും, കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top